മുണ്ടൂര്‍ കുപ്പിക്കഴുത്ത് പ്രശ്‌നത്തിന് പരിഹാരം കാണുമ്പോള്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കൃത്യവും സുതാര്യവുമായ നഷ്ടപരിഹാര, പുനസ്ഥാപന പാക്കേജ് ഉറപ്പാക്കണമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ പറഞ്ഞു. റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നവരുടെ കരട് പാക്കേജിലുള്ള ആക്ഷേപ ഹിയറിങ്ങ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. തൃശ്ശൂര്‍ താലൂക്കിലെ അഞ്ഞൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന സംസ്ഥാന ഹൈവേ 69 ന്റെ മുണ്ടൂര്‍ ജംഗ്ഷന്‍ മുതല്‍ പുറ്റേക്കര ജംഗ്ഷന്‍ വരെയുള്ള 1.86 കിലോ മീറ്റര്‍ ദൂരം 22 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്നതിന് 1.0987 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പൂര്‍ണ്ണമായി പുനസ്ഥാപിക്കേണ്ട 82 പേരുടെ കരട് പാക്കേജിലാണ് യോഗം നടന്നത്.
പദ്ധതി പ്രദേശത്ത് തൊഴില്‍ നഷ്ടപ്പെടുന്ന 23 പേരും, 42 കച്ചവടസ്ഥാപനങ്ങളും, ഒന്‍പത് വാടകക്കാരും, രണ്ട് പുറമ്പോക്കില്‍ കച്ചവടം നടത്തുന്നവരും ഉള്‍പ്പെടെ 246 കൈവശക്കാരാണുള്ളത്. വീട് നഷ്ടപ്പെടുന്നവര്‍ക്ക് 4,60,000 രൂപ, കച്ചവട സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് 1,00,000 രൂപ, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് 36,000 രൂപ വീതമാണ് പാക്കേജ്. ഹിയറിംഗിന് വന്നവരുടെ ആക്ഷേപങ്ങള്‍ക്ക് എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. മനോജ് വിശദീകരണം നല്‍കി.
യോഗത്തില്‍ കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷ അധ്യക്ഷത വഹിച്ചു. എല്‍.എ. ഡെപ്യൂട്ടി കളക്ടര്‍ മനോജ് ആര്‍. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എം ലെനിന്‍, വാര്‍ഡ് മെമ്പര്‍മാരായ യു. വി. വിനീഷ്, ലിന്റി ഷിബു, മേരി പോള്‍സണ്‍, എല്‍.എ. തഹസില്‍ദാര്‍ ടി.ജി. ബിന്ദു, എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ പി.എം. ഹരീഷ്, സെക്രട്ടറി പ്രദീപ് എന്നിവര്‍ സംസാരിച്ചു.