പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം സമഗ്ര വിദ്യാഭ്യാസ വിദ്യാർത്ഥി അധ്യാപക രക്ഷാകർതൃ ശക്തീകരണ പദ്ധതിയുടെ ഭാഗമായി ” കൂടെയുണ്ട് കരുത്തേകാൻ” അധ്യാപക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. എം എ ആർ എം ജി എച്ച് എസ് എസ് ശാന്തിപുരം സ്കൂളിൽ നടന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എ നൗഷാദ് അധ്യക്ഷത വഹിച്ചു. കൗമാരപ്രായക്കാരുടെ പെരുമാറ്റത്തിലെ അപകട സാധ്യതകൾ, കൗമാരക്കാരുടെ മാനസിക സുസ്‌ഥിതി,ഒരു ജീവിതമാണ് ലഹരി, തുടങ്ങി വിവിധ വിഷയങ്ങളിലാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്. ക്യാമ്പിന്റെ തുടർ പ്രവർത്തനമെന്ന നിലയിൽ എല്ലാ ഹയർ സെക്കൻ്ററി വിദ്യാലയങ്ങളിലും പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പുതിയ കാലഘട്ടത്തെ അതിജീവിക്കാൻ പ്രാപ്തമാക്കുന്ന അവബോധ ക്ലാസുകൾ നൽകും. ചടങ്ങിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ സൗഹൃദ ജില്ലാ കോർഡിനേറ്റർ പ്രകാശ് ബാബു പദ്ധതി വിശദീകരണം നടത്തി. എം എ ആർ എം ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ എ ജി സുനിൽ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കോർഡിനേറ്റർ ടി എസ് സരിത, എൻ എസ് എസ് ക്ലസ്റ്റർ കൺവീനവർമാരായ ഇ ആർ രേഖ, എ എ തോമസ്, ഒ എസ് ശ്രീജിത്ത്, കെ ആർ ദേവദാസ്, എസ് എം സി ചെയർമാൻ അബ്ദുൽ റഹിമാൻ, എം ഇ എസ് അസ്മാബി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലത്തീഫ്, സൗഹൃദ കോർഡിനേറ്റർ എസ് ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
“കൂടെയുണ്ട് കരുത്തേകാൻ” അധ്യാപക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
