Channel 17

live

channel17 live

കൂടൽമാണിക്യം ക്ഷേത്രത്തിൽ അംഗുലിയാങ്കം കൂത്ത് തുടങ്ങി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള കൂത്തടിയന്തിരത്തിന്റെ
ഭാഗമായി അംഗുലിയാങ്കം കൂത്ത് പുറപ്പാട് അരങ്ങേറി. ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ച്ച വെക്കാനുളള അംഗുലീയക മോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനുമാൻ്റെ പുറപ്പാടാണ് ഞായറാഴ്ച്ച അരങ്ങേറിയത്.

രാവിലെ ക്ഷേത്രം മേൽശാന്തി കൂത്തമ്പലത്തിൽ വന്ന് രംഗപൂജ ചെയ്ത് മംഗളവാദ്യഗീത ഘോഷത്തോടെ ഹനുമദ് വേഷധാരിയായ ചാക്യാർ രംഗത്ത് പ്രവേശിച്ചു. സമുദ്രം കടന്ന കഥയും ലങ്കാപുരി വർണ്ണനയും അഭിനയിച്ച് അനുഷ്ഠാന പ്രധാനമായ ക്രിയകൾ ആചാരത്തിനനുസരിച്ച് നിർവഹിച്ചതിനു ശേഷം നമ്പ്യാരുടെ കുത്തുവിളക്കിൻ്റെയും, മാരാരുടെ ശംഖധ്വനിയുടെയും ഒപ്പം ഹനുമാൻ വേഷത്തിൽ ചാക്യാർ ദേവദർശനം നടത്തി അഭീഷ്ടസിദ്ധിക്കായി പ്രാർത്ഥിച്ചു. തുടർന്ന് ദേവനെ പ്രദക്ഷിണം ചെയ്ത് കൂത്തമ്പലത്തിൽ മടങ്ങി വന്ന് കൂത്ത് അവസാനിപ്പിച്ചു.

വരുന്ന 11 ദിവസങ്ങളിലായി ഹനുമാൻ രാമായണകഥ മുദ്രാഭിനയത്തിലൂന്നി അനുഷ്ഠാന ക്രിയകളിലൂടെ അവതരിപ്പിക്കും. സാധാരണ കൂത്തിനായി വേഷം കെട്ടിയശേഷം ചാക്യാർ കൂത്തമ്പലത്തിൽ നിന്ന് പുറത്തിറങ്ങാറില്ല. എന്നാൽ ചാക്യാർ കൂത്ത് അവതരിപ്പിച്ചതിനു ശേഷം ഹനുമാൻ വേഷത്തിൽ തന്നെ ദേവദർശനത്തിനായി ക്ഷേത്രത്തിലേക്ക് പുറത്തിറങ്ങുന്നത് അംഗുലിയാങ്കം കൂത്ത് പുറപ്പാട് ദിവസം മാത്രമാണ്.അമ്മന്നൂർ രജനീഷ് ചാക്യാർ ഹനുമാനായി അരങ്ങിലെത്തി. കെ പി നാരായണൻ നമ്പ്യാർ മിഴാവിലും, ഡോ അപർണ നങ്ങ്യാർ താളത്തിലും മേളമൊരുക്കി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!