വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിനായി പുതിയതായി നിർമ്മിച്ച കെട്ടിടം റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നാടിന് സമർപ്പിച്ചു. അഡ്വ. വി.ആർ സുനിൽകുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കർഷകരോടൊപ്പമാണ് സർക്കാർ. ഉൽപ്പന്നങ്ങളും ഉത്പാദനവും വർദ്ധിപ്പിച്ച് കർഷകരെ പൂർണ്ണമായും കാർഷിക വൃദ്ധിയിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന വിധത്തിലാണ് നാം മുന്നോട്ട്പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം കർഷകരുടെ പൊതുജീവിതവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്നതിൽ വലിയ സഹായമുണ്ടാക്കാൻ കഴിയും. ഇന്ന് കർഷകർ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് കാലാവസ്ഥ വ്യതിയാനം. കാലാവസ്ഥ അനുയോജ്യമായ കൃഷിരീതികൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട് എന്നതാണ് സർക്കാരിന്റെ പക്ഷമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ 35 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ ഹാഡ വിപണന കേന്ദ്രം, അഗ്രോ സർവീസ് സെന്റർ, ബയോ ഫാർമസി, ജനകീയ ആസൂത്രണ പദ്ധതികൾ, വിവിധ കാർഷിക പരിശീലന പരിപാടികൾ എല്ലാം കൂടുതൽ മികവോടെ ഏകോപിപ്പിക്കാൻ സാധിക്കും. ബ്ലോക്ക് പരിധിയിലെ 5 കൃഷിഭവനകളുടെ പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലൂടെ കൂടുതൽ മികവാർന്ന രീതിയിൽ ചെയ്യാൻ സാധിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ മുതൽ ബ്ലോക്ക് കോമ്പൗണ്ടിൽ വിവിധ കാർഷിക വിപണന പ്രദർശന മേളയും രാവിലെ 10.30 മുതൽ കാർഷിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകളും കലാപരിപാടികളും നടന്നു. കാർഷിക പ്രദർശന മേളയിൽ കാർഷിക സർവകലാശാലയുടെ വിത്തു വണ്ടി, അഗ്രോ സർവീസ് സെൻ്റർ, കാർഷിക ഉൽപ്പന്നങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, തേനറിവ്, വിത്ത്, നടീൽ വസ്തുക്കൾ, മറ്റു കാർഷിക ഉൽപാദനോപാദികളുടെ പ്രദർശനവും വിപണവും, കാർഷിക യന്ത്രോപകരണങ്ങളുടെ പ്രദർശനം, ചെറു ധാന്യങ്ങളുടെ സ്റ്റാളുകൾ, വിവിധ പ്രാദേശിക ഉത്പ്പാദകരുടെയും മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും സ്റ്റാളുകൾ,
കാർഷിക ക്ലിനിക്ക് എന്നിവ ഒരുക്കിയത് ശ്രദ്ധേയമായി.
എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ഒ.ആർ ജയ റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.കെ സ്മിത പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ ഡേവിസ് മാസ്റ്റർ, ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അസ്മാബി ലത്തീഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുരേഷ് അമ്മനത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ഷാജി, കെ.എസ് തമ്പി, റോമി ബേബി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം ഹസീബ് അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.