Channel 17

live

channel17 live

കൃഷി വെള്ളത്തിലായി : ഓണവിപണിക്കായിനട്ടു നനച്ച വാഴക്കുലകൾ മൂപ്പെത്തും മുമ്പേ വെട്ടിയെടുത്ത് കർഷകർ

ഇരിങ്ങാലക്കുട : കനത്ത മഴയിൽ വെള്ളം കയറി കൃഷി നശിച്ചതോടെ കരുവന്നൂര്‍ പ്രിയദര്‍ശനി ഹാളിനു പുറകില്‍ കിഴക്കേ പുഞ്ചപ്പാടത്ത് വാഴകൃഷി നടത്തിയിരുന്ന കർഷകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. ഓണവിപണിയെ കാത്ത് പ്രതീക്ഷയോടെ നട്ടു നനച്ച കൃഷിയിടത്തിലെ വാഴക്കുലകളാണ് വെള്ളം കയറി കൃഷി നശിച്ചതിനെ തുടർന്ന് മൂപ്പെത്തും മുമ്പേ കർഷകർക്ക് വെട്ടിയിറക്കേണ്ടി വന്നത്.

തോരാമഴയിലും വെള്ളക്കെട്ടിലും കരുവന്നൂര്‍ മേഖലയില്‍ വാഴകൃഷിക്കു വ്യാപക നാശമാണ് സംഭവിച്ചത്.പാടത്തും പറമ്പിലും വെള്ളം കയറി മുങ്ങിപ്പോകുന്ന വാഴകളില്‍ നിന്നും പരമാവധി കുലകള്‍ വെട്ടിയെടുത്ത് വഞ്ചിയില്‍ വീട്ടിലേക്കു മാറ്റുന്ന തിരക്കിലാണ് കരുവന്നൂരിലെ വാഴ കര്‍ഷകര്‍.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതോടെ ഏക്കറു കണക്കിനു വാഴകൃഷിയാണ് നശിച്ചത്.പത്ത് ഏക്കറിലേറെ വാഴകൃഷി മുങ്ങി പോയിട്ടുമുണ്ട്.

കരുവന്നൂര്‍ കിഴക്കേ പുഞ്ചപ്പാടം, ആറാട്ടുപുഴ കൊക്കരിപ്പള്ളം എന്നീ പ്രദേശങ്ങളില്‍ കുലച്ച വാഴകളാണ് നശിച്ചത്.കല്ലേരി കാഞ്ഞിരക്കാടന്‍ ആന്റുവിന്റെ എഴുന്നൂറോളം വാഴകൾ നശിച്ചു.ഓണവിപണി ലക്ഷ്യമിട്ട് വായ്പ എടുത്ത് കൃഷിയിറക്കിയവരുടെ പ്രതീക്ഷകളാണ് ദുരിത പെയ്ത്തിൽ ഇല്ലാതായത്.നേന്ത്രക്കായ, ഞാലിപൂവന്‍, പാളയംകോടന്‍ എന്നീ വാഴകളാണ് നശിച്ചതില്‍ ഏറെയും.

മഴവെള്ളത്തില്‍ കിടന്ന് ചീഞ്ഞു പോകരുതെന്ന് കരുതി വഞ്ചിയില്‍ മൂപ്പെത്താത്ത വാഴക്കുലകള്‍ വെട്ടി കിട്ടിയ കാശിനു വില്‍ക്കുകയാണ് കർഷകർ.മൂന്ന് ദിവസമായി വെള്ളക്കെട്ടിൽ തുടരുന്ന പ്രദേശത്തെ 70 വീട്ടുകാരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!