Channel 17

live

channel17 live

കെഎസ്ടിപി റോഡ്; കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള പ്രവൃത്തികള്‍ നാളെ തുടങ്ങും; 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

കരാര്‍ കമ്പനിക്ക് ദുരന്തനിവാരണ നിയമപ്രകാരം നോട്ടീസ് നല്‍കി,പ്രതിവാര പ്രവൃത്തി ഷെഡ്യൂള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം.

ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ കെഎസ്ടിപി റോഡില്‍ കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ നാളെ ആരംഭിച്ച് 45 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ ഉണ്ടായ കണിമംഗലം ബസ്സപകടത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കരാര്‍ കമ്പനിയായ ഗവാര്‍ ആറ്റ്കണിന് ദുരന്തനിവാരണ നിയമ പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ നോട്ടീസു നല്‍കി.

45 ദിവസത്തിനിടയിലെ ഓരോ ആഴ്ചയിലും ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കാന്‍ കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പ്രതിവാര സമയക്രമം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം കരാര്‍ കമ്പനിക്കെതിരേ ദുരന്തനിവാരണ അതോറിറ്റി നിയമ പ്രകാരം ജില്ലാ കലക്ടര്‍ കേസെടുത്ത് നടപടി സ്വീകരിക്കും.

റോഡ് പ്രവൃത്തി ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യമായ സൈന്‍ ബോര്‍ഡുകളും മുന്നറിയിപ്പ് സൂചകങ്ങളും സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കരാര്‍ കമ്പനി നിര്‍വഹിക്കണം. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിടുന്ന ബദല്‍ റോഡിലെ കുഴികള്‍ നികത്തി അത് പൂര്‍ണമായും സഞ്ചാരയോഗ്യമാക്കാനുള്ള ചുമതലയും കരാറുകാര്‍ക്കാണ്.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ എട്ടിന് ചേര്‍ന്ന അവലോകന യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ കരാറുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇന്നലെയുണ്ടായ ബസ്സപകടത്തിലേക്ക് നയിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപത്തിനെതിരേ ശക്തമായ നടപടികളുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലിംന മനോജ്, വിനേഷ് തയ്യില്‍, എബി വര്‍ഗീസ്, രാഹുല്‍നാഥ്, തഹസില്‍ദാര്‍ ടി ജയശ്രീ, തൃശൂര്‍ എസിപി കെ കെ സജീവ്, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കെ കെ സുരേഷ് കുമാര്‍, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് എം അഷ്‌റഫ്, മറ്റ് ഉദ്യോഗസ്ഥര്‍, കരാര്‍ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കൈടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!