Channel 17

live

channel17 live

കെ എഫ് ആര്‍ ഐ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കേരള വന ഗവേഷണ സ്ഥാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കേരള സമൂഹം ശാസ്ത്ര പ്രബുദ്ധത വീണ്ടെടുക്കേണ്ടതുണ്ടെന്നും ആഭിചാരങ്ങള്‍ ആഘോഷമാക്കുന്ന പ്രവണത സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ശാസ്ത്ര സ്ഥാപനങ്ങള്‍ സമൂഹ്യ നന്മക്കായി പ്രവര്‍ത്തനരീതികളില്‍ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, മനുഷ്യ വന്യ ജീവി സംഘര്‍ഷം, എന്നീ മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്, ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന കാലമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കെ. രാജന്‍ കേരള വനഗവേഷണ സുവര്‍ണ്ണ ജൂബിലി ലോഗാ പ്രകാശനവും അന്താരാഷ്ട്ര ‘സൈലേറിയം’ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഔഷധ സസ്യ കര്‍ഷകരുടെ അനുഭവപാഠങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി പ്രഫ. കെ.പി. സുധീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ബി. മോഹന്‍കുമാര്‍, ഡോ. സി.ടി.എസ്. നായര്‍, രേഷ്മ സജീഷ്, ഡോ. എന്‍. കൃഷ്ണകുമാര്‍, ഡോ. കണ്ണന്‍ സി.എസ് വാരിയര്‍, ഡോ. എ.വി. രഘു തുടങ്ങിയവര്‍ സംസാരിച്ചു.

ഔഷധ സസ്യ കര്‍ഷകരുടെ അനുഭവപാഠങ്ങള്‍

കേരളത്തില്‍ ഔഷധസസ്യ കൃഷിയുടെ വ്യാപനത്തിന്റെയും പുതിയ കാര്‍ഷിക രീതികളെക്കുറിച്ചും അറിയുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിലെ 20 ഓളം കര്‍ഷകരില്‍ നിന്നും നേരിട്ട് അഭിമുഖം നടത്തി ശേഖരിച്ച സാക്ഷ്യകള്‍ ഉള്‍കൊള്ളുന്ന പുസ്തകമാണ് ‘ഔഷധ സസ്യ കര്‍ഷകരുടെ അനുഭവപാഠങ്ങള്‍’. ഇതില്‍ ഔഷധസസ്യക്കൃഷിയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യത പരമ്പരാഗത കാര്‍ഷിക വിളകളുടെ പരിപാലനത്തിലും വിപണനത്തിലും കര്‍ഷകര്‍ നേരിടുന്ന വിവിധ വെല്ലുവിളികളായ തൊഴിലാളി ക്ഷാമം, വിപണി മാന്ദ്യം, കാലാവസ്ഥാ മാറ്റം, വന്യജീവി ശല്യം മുതലായവയോടുള്ള പ്രതികരണം കൂടിയാണ് ഈ പുസ്തകം.

സൈലേറിയം വെബ്‌സൈറ്റ്

കേരള വനഗവേഷണ സ്ഥാപനത്തിലെ വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിവിഷനിലുളള വെബ്‌സൈറ്റാണ് ‘സൈലേറിയം’. ലോകത്തിലെ വിവിധ മര സാമ്പിളുകളാല്‍ സമ്പുഷ്ടമാണ് കെ എഫ് ആര്‍ ഐ സൈലേറിയം. ലോകത്ത് വിവിധ സ്ഥലങ്ങളില്‍ കാണപ്പെടുന്ന മരങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിന് https://www.xylarium.in എന്ന വെബ് സൈറ്റ് ഉപകാരപ്പെടും. വ്യവസായികവും ഗവേഷണ പരവുമായ ആവശ്യങ്ങള്‍ക്ക് വിവിധയിനം തടിയിനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി ശാസ്ത്രീയമായി ശേഖരിച്ച് നാമകരണം ചെയ്ത് സൂക്ഷിക്കുന്ന തടിയിനങ്ങളുടെ ശേഖരമാണ് ‘സൈലേറിയം’. 1979 ല്‍ സ്ഥാപിതമായ കെ.എഫ്.ആര്‍.ഐ ‘സൈലേറിയം’ അന്താരാഷ്ട്ര സൈലേറിയം ശേഖരങ്ങളുടെ ഡയറക്ടറിയായ് ഐ എ ഡബ്യു എ യുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ജപ്പാന്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നായി 715 ലധികം സാംമ്പിളുകള്‍ കെ.എഫ്.ആര്‍.ഐ സൈലേറിയത്തിലുണ്ട്. ഈ വിജ്ഞാന ശേഖരം ലോകത്തിന്റെ ഏതൊരു കോണില്‍ നിന്നും പരിശോധിക്കാനായി ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കിയതാണ് https://www.xylarium.in എന്ന വെബ് സൈറ്റ്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!