Channel 17

live

channel17 live

കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ മണ്ഡലത്തിലെ അഞ്ചാമത്തേതും, ഗുരുവായൂര്‍ നഗരസഭയിലെ ആദ്യത്തേതുമായ കെ-സ്റ്റോറിന്റെ ഉദ്ഘാടനം എന്‍.കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കെ-സ്റ്റോര്‍ എന്ന ആശയം നടപ്പിലാക്കുന്നത്. ആധാര്‍ ബന്ധിത റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു പാചകവാതക സിലിണ്ടറുകള്‍, ഇലക്ട്രിസിറ്റി ബില്ല്, ടെലിഫോണ്‍ ബില്ല് എന്നിവയുടെ അടവ്, നഗരസഭ – വില്ലേജ് ഓഫീസുകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അവശ്യ ഓണ്‍ലൈന്‍ സര്‍വീസുകള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവ ആവശ്യാര്‍ത്ഥം ജനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് കെ-സ്റ്റോര്‍ അഥവാ കേരള സ്റ്റോര്‍.

റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും നവീകരിച്ചുമാണ് പുതിയ സംവിധാനം നടപ്പില്‍ വരുത്തുന്നത്. പൊതു ജനങ്ങള്‍ക്ക് തങ്ങളുടെ തൊട്ടടുത്ത് കൂടുതല്‍ ഗുണമേന്മയുള്ള സാധനങ്ങളും സേവനങ്ങളും ലഭ്യമാകുന്നു എന്നതും റേഷന്‍ ഡീലര്‍മാര്‍ക്ക് പുതിയ പദ്ധതിയിലൂടെ കൂടുതല്‍ വരുമാനം ലഭ്യമാകുന്നു എന്നതുമാണ് സര്‍ക്കാരിന്റെ കെ-സ്റ്റോര്‍ പദ്ധതിയുടെ സവിശേഷത.

ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം ഷഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി. ശാന്തകുമാരി, കെ.പി ഉദയന്‍, ബബിത മോഹന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം ഉഷ, കെ.ആര്‍ ബിനി തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!