Channel 17

live

channel17 live

കേരളത്തിന്റെ വികസനത്തിനാണ് നവകേരള സദസ്സ് ഒരുങ്ങുന്നത്: മന്ത്രി ആർ ബിന്ദു

കേരളത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും മുൻനിർത്തി നവകേരളം നിർമ്മിക്കുന്നതിനാണ് നവകേരള സദസ്സുകൾ ഒരുങ്ങുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ചാലക്കുടി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് പി ഡബ്യു ഡി റസ്റ്റ് ഹൗസിൽ പ്രവർത്തന സജ്ജമാക്കി തുറക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് മണ്ഡലതല പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ഡലങ്ങളിലൂടെ നാടിനെ അടുത്തറിഞ്ഞ് ജനങ്ങളെ കേട്ട് പുതിയ വികസന മാതൃകകൾ തയ്യാറാക്കുന്നതിനാണ് നവകേരള സദസ്സ് വേദിയാവുക. കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം നാടിനെ മോശമെന്ന് ചിലർ കാണിക്കാൻ ശ്രമിക്കുമ്പോൾ കേരളം ഉയർത്തിപിടിച്ച മാതൃക പ്രവൃത്തികളുടെയും മൂല്യങ്ങളുടെയും സവിശേഷത ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനാണ് കേരളീയം ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ നീതിയിൽ അധിഷ്ഠതമായ സമഗ്ര വികസനമാണ് ഐക്യ കേരള പിറവിക്ക് ശേഷമുള്ള മന്ത്രിസഭകൾ നിർമ്മിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടി ചേർത്തു.

ബൂത്ത് തലങ്ങളിലൂടെയും വീട്ടുമുറ്റം സദസ്സിലൂടെയും നവകേരള നിർമിതിയുടെ ആശയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തണം. പഞ്ചായത്തുകളിലെ അങ്കണവാടി പ്രവർത്തകർ , ആശാ പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങി പ്രാദേശികമായ ഘടകങ്ങളിൽ യോഗങ്ങൾ ചേരണം. ലൈബ്രറി, ക്ലബ് , യുവജനസംഘടനകൾ, കോളേജുകളിലെ എൻ എസ് എസ്, എൻ സി സി, വിവിധ സെല്ലുകൾ തുടങ്ങിയ എല്ലാ ഘടകങ്ങളിലൂടെയും യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി.

ചാലക്കുടിയിൽ പ്രചരണാർത്ഥം ജനങ്ങളെ ഉൾക്കൊള്ളിച്ച് വിളംബര ജാഥ, കൂട്ടയോട്ടം, സെമിനാർ തുടങ്ങിയവ നടത്താനും യോഗത്തിൽ തീരുമാനമായി. സംഘാടനത്തിനായി രൂപീകരിച്ച സബ് കമ്മിറ്റി പ്രവർത്തനങ്ങൾ ചർച്ചചെയ്തു. മണ്ഡലത്തിന് കീഴിലെ പഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റിയിലെയും മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി.

പി ഡബ്യു ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുൻ എംഎൽഎ ബി ഡി ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, മണ്ഡലം തല കോർഡിനേറ്ററായ ഡി എഫ് ഒ ആർ ലക്ഷ്മി, മുൻ എം എൽഎ എ കെ ചന്ദ്രൻ, മുൻസിപ്പൽ സെക്രട്ടറി വിശ്വനാഥൻ കെ ബി, മണ്ഡലത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, സബ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!