ഇരിങ്ങാലക്കുട : കേരളത്തിൽ നിന്ന് രണ്ട് ഇനം പൂവീച്ചകളെ കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ. ക്രൈസ്റ്റ് കോളെജിലെ ‘ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബി’ലെ ഗവേഷകരാണ് മെസെംബ്രിയസ് ബെംഗാലെൻസിസ് , മെസെംബ്രിയസ് ക്വാഡ്രിവിറ്റാറ്റസ് എന്നീ പൂവീച്ചകളെ കേരളത്തിൽ നിന്നും ആദ്യമായി കണ്ടെത്തിയത്. കോളെജിലെ എസ് ഇ ആർ എൽ-ലെ ഗവേഷകനായ സി അതുൽ ശങ്കർ, ലാബ് ഡയറക്ടറും സുവോളജി വിഭാഗം അസി പ്രൊഫസറുമായ ഡോ സി ബിജോയ്, പുല്ലൂറ്റ് കെ കെ ടി എം ഗവ കോളെജിലെ സുവോളജി വിഭാഗം മേധാവിയും അസ്സോ പ്രൊഫസറുമായ ഡോ ഇ എം ഷാജി എന്നിവർ ചേർന്നാണ് ഇവയെ കണ്ടെത്തിയത്.
ഇതാദ്യമായാണ് മെസെംബ്രിയസ് ജീവിവർഗ്ഗത്തിൽ വരുന്ന പൂവീച്ചകളെ കേരളത്തിൽ നിന്ന് കണ്ടെത്തിയതായി രേഖപ്പെടുത്തുന്നത്. ഈച്ചകളും കൊതുകുകളും ഉൾപ്പെടുന്ന ഓർഡർ ഡിപ്റ്റെറയിലെ (Diptera), സിർഫിഡേ (Syrphidae) കുടുംബത്തിൽപ്പെട്ടവയാണ് ഇവ. തേനീച്ചകളേയും പല കടന്നലുകളേയും പോലെ പൂക്കളിലെ പതിവ് സന്ദർശകർ ആയതിനാലാണ് ഇവയെ പൂവീച്ച (flower flies) എന്ന് വിളിക്കുന്നത്.
ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ തേനീച്ചകളെയോ കടന്നലുകളെയോ പോലെ അനുരൂപം നേടിയിട്ടുള്ള ഇവ നിരുപദ്രവകാരികളും, സസ്യങ്ങളുടെ പരാഗണത്തിൽ വലിയ പങ്കു വഹിക്കുന്നവരുമാണ്. മാത്രമല്ല, ലാർവ ആയിരിക്കുന്ന ഘട്ടത്തിൽ സസ്യകീടമായ മുഞ്ഞയുടെ (aphids) ജൈവനിയന്ത്രണത്തിനും ഇവ സഹായിക്കുന്നു.
അസോസിയേഷൻ ഫോർ അഡ്വാൻസ്മെൻ്റ് ഓഫ് എൻ്റമോളജിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ എൻ്റോമോണിലെ (ENTOMON) ജൂലൈ ലക്കത്തിലാണ് ചിത്രങ്ങൾ സഹിതം പ്രസ്തുത പഠനം പൂർണ്ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂവീച്ചകളുടെ ജൈവവൈവിധ്യവും വ്യാപനവും പൊതുജന പങ്കാളിത്തത്തോടെ മനസ്സിലാക്കാൻ ഈ ഗവേഷണപഠനം സഹായകരമാകും എന്ന് ഗവേഷകനായ സി അതുൽ ശങ്കർ അഭിപ്രായപ്പെട്ടു.