ഭിന്നശേഷി കുട്ടികള്‍ക്കായി പൂമൊട്ടുകള്‍ പദ്ധതി പ്രഖ്യാപനം നടന്നു.
കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. തൃശൂര്‍ റീജിയണല്‍ ഏര്‍ലി ഇന്റെര്‍വെന്‍ഷന്‍ സെന്റര്‍ ആന്‍ഡ് ഓട്ടിസം സെന്ററിന്റെ അഞ്ചാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമൂഹിക നീതി വകുപ്പ് നിരവധി പദ്ധതികളാണ് ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഭിന്നശേഷി കണ്ടെത്തി ശാസ്ത്രീയ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നു. അനുയാത്ര പോലുള്ള പദ്ധതികളിലൂടെ ജീവിതത്തിന്റെ ആരംഭഘട്ടം മുതല്‍ സര്‍ക്കാര്‍ ഒപ്പം നില്ക്കുന്നു. വിദ്യാഭ്യാസവും നൈപുണ്യവും തൊഴിലും നല്കി അവരെ സ്വയം പര്യാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു. ഓട്ടിസം കേന്ദ്രങ്ങളില്‍ ആവശ്യമായ പുതിയ തെറാപ്പികള്‍ക്ക് കോഴ്സുകള്‍ കൊണ്ടുവന്ന് സേവനം ഉറപ്പാക്കും. പുനരധിവാസ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ ഗവ മെഡിക്കല്‍ കോളേജ് അലുംനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഭിന്നശേഷി കുട്ടികള്‍ക്കായുള്ള പൂമൊട്ടുകള്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. പൂമുട്ടുകള്‍ പദ്ധതിയിലൂടെ മെഡിക്കല്‍ കോളജിന് സമീപമുള്ള അവണൂര്‍, മുളങ്കുന്നത്ത്കാവ് പഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികളിലെ വികാസപരിമിതികള്‍ കണ്ടെത്തും. ആര് ഇ ഐ സി ആന്‍ഡ് ഓട്ടിസം സെന്ററിലെ ജീവനക്കാര്‍ മാസത്തിലൊരിക്കല്‍ പരിശോധന നടത്തും. പരിമിതികള്‍ കണ്ടെത്തിയാല്‍ പരിശീലനങ്ങളും ചികിത്സയും ഉറപ്പാക്കും. ഐ സി ഡി എസുമായി ചേര്‍ന്ന് ഒരു വര്‍ഷം നീളുന്ന പദ്ധതിക്കാണ് തുടക്കമായത്.
കേരള സാമൂഹ്യ സുരക്ഷാ മിഷന് സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടു കൂടി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കിവരുന്ന പദ്ധതികളാണ് റീജിയണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളും ഓട്ടിസം സെന്ററുകളും. ഇവിടെ പ്രാരംഭഘട്ടത്തില്‍ രോഗം കണ്ടെത്തുകയും തെറാപ്പി സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ജനിതക പ്രശ്നങ്ങള്‍, പഠന പ്രശ്നങ്ങള്‍, കേള്‍വി, കാഴ്ചാ പരിമിതികള്‍ തുടങ്ങിയവയ്ക്കുള്ള ചികിത്സകളും സെന്ററുകളില്‍ നല്കുന്നു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് എസ് പി എം എസ് സഹറുദീന് പദ്ധതി വിശദീകരണം നടത്തി. ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി ഷീല, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. നിഷ എം ദാസ്, നെഞ്ചു രോഗ ആശുപത്രി സൂപ്രണ്ട് ഡോ. ഷെഹന ഖാദര്‍, ശിശു രോഗ വിഭാഗം മേധാവി ഡോ. ജാനകി മേനോന്, ആര് ഇ ഐ സി ആന്‍ഡ് ഓട്ടിസം സെന്റര്‍ തൃശ്ശൂര്‍ നോഡല്‍ ഓഫീസര്‍ ഡോ. ലതിക നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.