കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കർഷക യൂണിയന്റെ സഹകരണത്തോടെ നടത്തുന്ന നൂറ് കർഷക സൗഹൃദ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം പടിയൂരിൽ നിർവഹിച്ചു.
കേരള കോൺഗ്രസിന്റെ 100 കേര കർഷക സൗഹൃദ സംഗമങ്ങൾ ആരംഭിച്ചു.
ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയുടെ നീർചൂഴിയിൽപെട്ട് നാളികേരക്കൃഷി കേരളത്തിൽ മരിക്കുകയാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കർഷക യൂണിയന്റെ സഹകരണത്തോടെ നടത്തുന്ന നൂറ് കർഷക സൗഹൃദ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം പടിയൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന് സംഭരണവിലയായി നിശ്ചയിച്ച തുക തികച്ചും അപര്യാപ്തമാണ്. പച്ചത്തേങ്ങ സംഭരിക്കുന്നതിനു ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ല. നാളികേരത്തിന് താങ്ങു വിലയായി 42 രൂപയെങ്കിലും നൽകണം. 38 ലക്ഷം ഹെക്ടർ സ്ഥലത്തായി 8 ലക്ഷത്തോളം കർഷകരാണ് ഈ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റു നിരവധി തൊഴിലാളികളുമുണ്ടെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ പ്രതിഷേധിക്കാനും കേര കൃഷിയെ പ്രോത്സാഹിപ്പിക്കാനുമാണ് സംഗമങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു. കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോബി ജോൺ, മിനി മോഹൻദാസ്, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഡോ. ദിനേശ് കർത്ത, ജോയ് ഗോപുരാൻ, കെ.വി.കണ്ണൻ, സി.ടി. പോൾ, ടി.എ. പ്ലാസിഡ്, ജോർജ് കിഴക്കുമ്മശ്ശേരി, റോക്കി ആളൂക്കാരൻ, ജോൺ മുണ്ടൻമാണി, പി.ടി. ജോർജ്, എം.കെ. സേതുമാധവൻ, സിജോയ് തോമസ്, ഫെനി എബിൻ വെള്ളാനിക്കാരൻ, ഷൈനി ജോജോ, മാഗി വിൻസെന്റ്, ഫിലിപ്പ് ഓളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. കർഷക രക്തസാക്ഷികളെ അനുസ്മരിച്ചും കർഷകരെ ആദരിച്ചുമാണ് ചടങ്ങ് ആരംഭിച്ചത്.