നിര്‍മ്മാണത്തിലെ അപാകതകളെക്കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ പലയിടങ്ങളിലായി തകരുന്നു.
മാളഃ നിര്‍മ്മാണത്തിലെ അപാകതകളെക്കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ പലയിടങ്ങളിലായി തകരുന്നു. ഒടുവിലായി എരവത്തൂരിനും കൊച്ചുകടവിനും ഇടയിലായി കാട്ടൂത്തറ എന്ന സ്ഥലത്താണ് റോഡ് താഴേക്കിരുന്ന് തകര്‍ന്നത്. പൊട്ടിയടര്‍ന്ന നിലയിലായിരുന്നു റോഡ്. ഏതോ ഭാരമേറിയ വാഹനം സൈഡിലേക്ക് ഒതുക്കിയപ്പോള്‍ തകര്‍ന്നതാകും ഇതെന്നാണ് കരുതുന്നത്. റോഡ് തകര്‍ന്നതിന്റെ അടുത്ത ദിവസം പണിക്കാരെത്തി പൊട്ടിയ സിമന്റ് കട്ടയും സിമന്റുമുപയോഗിച്ച് അടച്ചിരിക്കയാണ്. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെയാണ് ഈ പണിയെന്നാണ് ജനങ്ങള്‍ പറയുന്നത്. പൊയ്യ മുതല്‍ ബി എം ബി സി ടാറിംഗ് നടത്തിയ കൊച്ചുകടവ് വരെയാണ് പലയിടങ്ങളിലായി റോഡ് തകരുന്നത് തുടരുകയാണ്. കുഴൂര്‍ ജംഗ്ഷനും വിളക്കുംകാല്‍ ജംഗ്ഷനുമിടയില്‍ നല്ല രീതിയില്‍ കുഴികളുണ്ടാകുന്നുണ്ട്. ഇടക്ക് ഇവിടെയടക്കം കുഴികളടക്കുന്നുണ്ടെങ്കിലും ഏതാനും ദിവസത്തിനകം പഴയതിനേക്കാള്‍ വലിയ കുഴികള്‍ രൂപപ്പെടും. വിളക്കുംകാല്‍ ജംഗ്ഷനില്‍ റോഡിന്റെ നിര്‍മ്മാണ വേളയില്‍ ടൈല്‍സ് പാകിയിരുന്നു. ഒരു 50 അടികൂടി ടൈല്‍സ് പാകിയിരുന്നുവെങ്കില്‍ വെള്ളക്കെട്ടുള്ള ഇവിടെ റോഡ് തകരുമായിരുന്നില്ല എന്നാണ് നാട്ടുകാരുടെ അഭിപ്രായം. വളവുകള്‍ കൂടുതലുള്ള റോഡില്‍ മിക്കവാറും വളവുകളില്‍ റോഡ് തകര്‍ച്ചയുണ്ട്. അത് കൂടാതെ ജലനിധി പൈപ്പ് പൊട്ടിയുള്ള തകര്‍ച്ചയുമുണ്ട്. പല കുഴികളിലും വാഹനങ്ങള്‍ ചാടി അപകടങ്ങളുണ്ടാകുന്നുണ്ട്. ബാക്കി ഭാഗങ്ങളില്‍ ഒരുവിധം നല്ല റോഡായതിനാല്‍ വാഹനങ്ങള്‍ നല്ല വേഗതയിലാണ് ഓടിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായി തിരക്ക് പിടിച്ചാണ് റോഡ് പണിതത്. കൊടുങ്ങല്ലൂര്‍-പൂപ്പത്തി-എരവത്തൂര്‍-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ ചെങ്ങമനാട് മുതല്‍ കൊച്ചുകടവ് വരെയുള്ള റോഡ് ഇപ്പോഴും നല്ല റോഡായി തുടരുമ്പോഴും കൊച്ചുകടവ് മുതല്‍ പൊയ്യ വരെയുള്ള റോഡിന്റെ അവസ്ഥ മറിച്ചാണ്. ചില ഭാഗങ്ങളില്‍ റോഡില്‍ വിള്ളലുകളുമുണ്ട്. തൃശ്ശൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് നേരത്തെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2016 സെപ്റ്റംബര്‍ 20 ന് റോഡില്‍ പരിശോധന നടത്തിയിരുന്നു. റോഡില്‍ നിന്നെടുത്ത സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കി പരിശോധന റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി കേസ്സെടുക്കുകയുമുണ്ടായിരുന്നു. കൊച്ചുകടവ് മുതല്‍ ബിറ്റുമിന്‍ മെക്കാടം കഴിഞ്ഞ് ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ മുതല്‍ ജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ചെങ്ങമനാട് മുതല്‍ കൊച്ചുകടവ് ഷാപ്പ് ജംഗ്ഷനുമപ്പുറം വരെ കാര്യമായ പരാതികള്‍ക്കിടം നല്കാതെയുള്ള രീതിയിലാണ് റോഡിന്റെ പണി നടത്തിയിരുന്നത്. എന്നാല്‍ അവിടം മുതല്‍ വളരെ മോശമായ രീതിയിലാണ് റോഡിന്റെ പണി നടത്തിയിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്‍പായി തിരക്ക് പിടിച്ച് പണിതതാണ് റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ക്ക് പ്രധാന കാരണം. പൊതുമരാമത്ത് വകുപ്പ് പറവൂര്‍ ഡിവിഷന്റെ കീഴില്‍ വരുന്ന കൊച്ചുകടവിനപ്പുറം വരെ റോഡ് പണി കഴിഞ്ഞ് കുറേനാള്‍ പണി നിര്‍ത്തി വെച്ചിരുന്നു. ചിലയിടങ്ങളിലെ മറ്റു പണികള്‍ കഴിയാനും ജലനിധി പദ്ധതി പ്രകാരമുള്ള പൈപ്പ് സ്ഥാപിക്കുന്നതിനും വേണ്ടിയായിരുന്നു പണി നിര്‍ത്തി വെച്ചത്. പിന്നീട് തെരഞ്ഞെടുപ്പ് അടുത്തുവരവേ അന്നത്തെ എം എല്‍ എ ആയിരുന്ന ടി എന്‍ പ്രതാപന് പൊതുമരാമത്ത് വകുപ്പിന്റേയും വാട്ടര്‍ അതോറിറ്റിയുടെയും ബി എസ് എന്‍ എല്‍ ന്റെയുമടക്കം റോഡുമായി ബന്ധപ്പെട്ട എല്ലാവരുടേയും യോഗം വിളിച്ചു കൂട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പായി റോഡിന്റെ പണി തീര്‍ക്കണമെന്നാണ് യോഗത്തില്‍ അന്നത്തെ എം എല്‍ എ ആവശ്യപ്പട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ യോഗം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ റോഡിന്റെ പണി പുനഃരാരംഭിക്കുകയായിരുന്നു. അതിന് മുന്‍പ് ദിവസത്തില്‍ ശരാശരി മുക്കാല്‍ കിലോമീറ്റര്‍ മാത്രം പണിതിരുന്ന സ്ഥാനത്ത് രണ്ടേകാലും രണ്ടരയും വരെ കിലോമീറ്റര്‍ റോഡാണ് പണിതത്. ഇത്തരത്തില്‍ പണിതതാണ് റോഡിന്റെ നിര്‍മ്മാണം അപാകത നിറഞ്ഞതാവാന്‍ കാരണം. വേഗതയില്‍ പണിതത് മൂലം ആവശ്യത്തിന് സാമഗ്രികള്‍ റോഡില്‍ വീണിട്ടില്ലെന്നും പ്രസിംഗ് വന്നിട്ടില്ലെന്നും അന്നേതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഭാഗികമായി പണിത റോഡിന്റെ ഉദ്ഘാടനം 2016 മെയ് മൂന്നിന് അന്നത്തെ പൊതുമരാമത്ത് വകുപ്പുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിച്ചിരുന്നു.