ഷൊര്‍ണ്ണൂര്‍ – കൊടുങ്ങല്ലൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൻ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. റോഡ് നിർമ്മാണം വേഗത്തിലാക്കാനും ഗതാഗത ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും വിളിച്ച് ചേർത്ത യോഗത്തിലാണ് മന്ത്രി ആർ. ബിന്ദു കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
ആദ്യഘട്ടത്തില്‍ ഊരകം – പൂച്ചിന്നിപ്പാടം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങും. ഊരകം – പൂച്ചിന്നിപ്പാടം റോഡിന്റെ 1.20 കി.മീ നിര്‍മ്മാണ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ചന്തക്കുന്ന് മുതൽ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിൻ്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂർ മുതൽ തൃശൂർ വരെയുടെ കെ.എസ്.ടി.പി റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 5 ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുക. ബസ്സുകൾ അടക്കമുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനുള്ള ഡൈവേര്‍ഷന്‍ പ്ലാന്‍ തയ്യാറായി കഴിഞ്ഞു. ഗതാഗത ക്രമീകരണങ്ങള്‍ പോലീസിന്റെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
കളക്ടറേറ്റിലെ എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, കെ.എസ്.ടി.പി എംഡി രാഹുല്‍ കൃഷ്ണ ശര്‍മ്മ, അസി. കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍, ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.