കോടാലി ഇഞ്ചക്കുണ്ട് ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ മകൻ അനീഷ് (41 വയസ്സ്) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ആയ വിനോദ്കുമാർ എൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022 ഏപിൽ 10 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അനീഷ് മാതാപിതാക്കളായ വെള്ളിക്കുളങ്ങര കോടാലി ഇഞ്ചകുണ്ട ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ (65 വയസ്സ്) ചന്ദ്രിക സുബ്രൻ,(62 വയസ്സ്) എന്നിവരുമൊന്നിച്ച് താമസിച്ചു വരവെ സുബ്രൻ എന്നയാളുടെ കൈവശാവകാശത്തിലുള്ള 17 1/2 സെന്റ് വസ്തുവിൽ നിന്നും 6 സെന്റ് സ്ഥലം പ്രതിയ്ക്ക് ഭാഗം വെച്ച് കൊടുക്കാത്തതിലും കുടുംബത്തിൽ പ്രതിയും മാതാപിതാക്കളുമായി സ്ഥിരമായി ഉണ്ടാകാറുള്ള വഴക്കിനെ തുടർന്നുള്ള വിരോധത്താലും 10.04.2022 തിയ്യതി രാവിലെ 8.45 സമയത്ത് വീടിനു മുൻവശം മുറ്റത്ത് മാവുംതൈ നടുന്നതിനായി ചന്ദ്രിക മൺ വെട്ടി കൊണ്ട് കുഴി എടുത്തു കൊണ്ടിരിക്കെ അനീഷ് മൺ വെട്ടി പിടിച്ചു വാങ്ങി ചന്ദ്രികയെ അക്രമിക്കുന്നതു കണ്ട് ഭർത്താവായ സുബ്രൻ തടയാൻ ശ്രമിച്ച സമയം അഛ്ചനേയും അമ്മയേയും വെട്ടുകത്തി വീടിനുള്ളിൽ നിന്നും എടുത്തു കൊണ്ടു വന്ന് വീടിനു മുൻ വശം മുറ്റത്തു വെച്ചും വീടിനു മുമ്പിലെ പബ്ലിക് റോഡിൽ വെച്ചും ആദ്യം പിതാവായ സുബ്രനേയും പിന്നീട് മാതാവായ ചന്ദ്രികയേയും കഴുത്തിലും തലയിലും മറ്റും വെട്ടുകത്തി കൊണ്ട് നിരവധി തവണ വെട്ടി ഗുരുതര പരിക്ക് ഏൽപിച്ച് അതി ക്രൂരമായി കൊലപ്പെടുത്തിയിട്ടുള്ളതാണ്.
ഈ കാര്യത്തിന് വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് വെള്ളികുളങ്ങര SHO ആയിരുന്ന മിഥുൻ കെ പി അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ബഹു ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ കോടതി ജഡ്ജി എൻ വിനോദ് കുമാർ ആണ് IPC 302 വകുപ്പ് പ്രകാരം പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 37 സാക്ഷികളെ വിസ്മരിക്കുകയും 25 തൊണ്ടി മുതലുകളും 62 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോജി ജോർജ്, അഡ്വക്കേറ്റ് പി എ ജയിംസ്, അഡ്വക്കേറ്റ് എബിൽ ഗോപുരൻ, അഡ്വക്കേറ്റ് അൽജോ പി ആൻറണി, അഡ്വക്കേറ്റ് പി എസ് സൗമ്യ എന്നിവർ ഹാജരായി. ലെയ്സൺ ഓഫീസർ CPO വിനീഷ് കെ വി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.