Channel 17

live

channel17 live

കോള്‍ കര്‍ഷകരുടെ പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി – മന്ത്രി കെ രാജന്‍

പമ്പിംഗ് സബ്‌സിഡി ഉടന്‍ വിതരണം ചെയ്യാന്‍ നടപടി,ഇറിഗേഷന്‍ ആക്ടിലെ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരും.

ജില്ലാ കോള്‍ കര്‍ഷക പ്രതിനിധി വാര്‍ഷിക പൊതുയോഗത്തില്‍ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനായതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ – പൊന്നാനി കോള്‍ നിലങ്ങളിലെ പാടശേഖര സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ ഇത്തവണ ഇളവ് നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതുപ്രകാരം നിലവിലെ പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ തന്നെ ഇത്തവണ കൃഷി ഇറക്കാന്‍ സാധിക്കും. റവന്യൂ, കാര്‍ഷിക വികസനം, ഇറിഗേഷന്‍ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെന്നും കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

കോള്‍ പാടങ്ങളില്‍ കൃഷി വളരെ വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. നിലവിലെ രീതിയില്‍ ആക്ടിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ച് പാടശേഖര സമിതി തെരഞ്ഞെടുപ്പ് നടത്തുന്ന പക്ഷം ഇത്തവണ കൃഷി ഇറക്കുക അസാധ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തദ്സ്ഥിതി തുടരാനുള്ള തീരുമാനം. വ്യവസ്ഥകള്‍ പാലിച്ച് പാടശേഖര സമിതികള്‍ തെരഞ്ഞെടുക്കാന്‍ ചുരുങ്ങിയത് 60 ദിവസം വേണ്ടിവരും. കര്‍ഷകരെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കോള്‍ കര്‍ഷകര്‍ക്ക് അനുഗുണമാവുന്ന രീതിയില്‍ ഇറിഗേഷന്‍ ആക്ടിന്റെ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ യോഗം ഇറിഗേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. സമിതിയിലെ അംഗങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളിലാണ് പ്രധാനമായും ഭേദഗതികള്‍ വരുത്തുക.

ഏറെ കാലമായി മുടങ്ങിക്കിടക്കുന്ന പമ്പിംഗ് സബ്സിഡി നിലവില്‍ എ ഫോമും ബി ഫോമും സമര്‍പ്പിച്ച എല്ലാ പാടശേഖര സമിതികള്‍ക്കും എത്രയും വേഗം അനുവദിക്കാനും ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം കണിമംഗലത്തെയും അന്തിക്കാട്ടെയും പാടശേഖരങ്ങള്‍ക്ക് ലഭിക്കാനുള്ള പമ്പിംഗ് സബ്സിഡി ഉടന്‍ ലഭ്യമാക്കും. ഇക്കാര്യത്തില്‍ അന്തിക്കാട്ടെ പാടശേഖര സമിതികള്‍ക്കിടയിലുണ്ടായ തര്‍ക്കം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പരിഹരിക്കാനായതായും മന്ത്രി പറഞ്ഞു. സബ്‌സിഡി വിതരണത്തിന്റെ മേല്‍നോട്ട ചുമതല സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്കിനായിരിക്കും. ജില്ലകളിലെ വിവിധ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അടിയന്തര പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28 ന് തൃശൂരില്‍ ചേരുന്ന മേഖലാതല യോഗത്തില്‍ ഇടിയഞ്ചിറ, ഏനാമാക്കല്‍ റഗുലേറ്ററുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസലിന് ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ വേഗത്തിലാക്കാനാവുമെന്നും മന്ത്രി അറിയിച്ചു. നെല്ല് കര്‍ഷകര്‍ക്ക് സംഭരണ വില ലഭ്യമാക്കുന്ന കാര്യത്തില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ മുരളി പെരുനെല്ലി എം എല്‍ എ, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ , സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്, കോള്‍ കര്‍ഷക ഉപദേശക സമിതി പ്രതിനിധികളായ കെ കെ കൊച്ചു മുഹമ്മദ്, എന്‍ കെ സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!