ഗുരുവായൂർ നഗരസഭയിൽ പ്രവർത്തനമാരംഭിച്ച മൂന്നാമത്തെ വെൽനെസ് സെന്റർ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂരിൽ അടിയന്തര സാഹചര്യങ്ങളിൽ ഓടി ചെല്ലുവാൻ വാതിൽപ്പടിക്കൽ തന്നെ ഉത്തമമായ ആരോഗ്യ കേന്ദ്രം തുറക്കാൻ കഴിഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസം നൽകുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളെല്ലാം ഇന്ന് മികച്ച ആധുനിക സൗകര്യങ്ങളുള്ള കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. രാജ്യത്ത് ആരോഗ്യ മേഖലയിൽ ഏത് മാനദണ്ഡം വെച്ച് പരിശോധിച്ചാലും കേരളമാണ് ഒന്നാം സ്ഥാനം നേടുന്നത്. ഏറെ അഭിമാനകരമായ മുന്നേറ്റമാണിതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സവിശേഷത ജനാധിപത്യപരവും ജനകീയവുമായ നിലയിൽ വികസനം നടപ്പിലാക്കുന്നു എന്നതാണ്. ഓരോ പൗരനും മികച്ച ആരോഗ്യ സംരക്ഷണം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട് എന്ന നിലപാടാണ് സർക്കാരിനെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നഗരസഭക്ക് ലഭിച്ച ഹെൽത്ത് ഗ്രാന്റ് പ്രയോജനപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ചാണ് ചൂൽപ്പുറം സി.എം.സി ഹാളിനടുത്ത് വെൽനെസ് സെന്റർ പ്രവർത്തനമാരംഭിച്ചത്. ഡോക്ടർ, നേഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാകും. നഗരപ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തി ആരോഗ്യ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകൾ പ്രവർത്തിപ്പിക്കുന്നത്.
ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.എം ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, എ. സായിനാഥൻ, വാർഡ് കൗൺസിലർമാരായ സിന്ധു ഉണ്ണി, കെ.പി ഉദയൻ, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ടി ശിവദാസൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ, ജില്ലാ ആർദ്രം മിഷൻ നോഡൽ ഓഫീസർ ശ്രീജിത്ത് എച്ച്. ദാസ്, ഗുരുവായൂർ നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.