Channel 17

live

channel17 live

ഗൃഹാതുരത ഉണർത്തി “അരങ്ങു”ണർന്നു

ഇരിങ്ങാലക്കുട : അത്യപൂർവ്വമായി മാത്രം ദുര്യോധനവധം കഥകളി സമ്പൂർണ്ണ രംഗാവതരണം അരങ്ങത്ത് അവതരിപ്പിച്ചും മുതിർന്ന കലാകാരന്മാർക്ക് “ഗുരുദക്ഷിണ” നൽകിയും പ്രവാസജീവിതം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയവർ ഒത്തു ചേർന്നും തിരനോട്ടം ദുബായ് സംഘടിച്ച “അരങ്ങ് 2024” ഏറെ പ്രത്യേകതകൾ നിറഞ്ഞ കളിയരങ്ങായി മാറി.

കേരളീയ പാരമ്പര്യ കലകളുടെ നിലനില്പും പ്രചരണവും ഉന്നമനവും ലക്ഷ്യമിട്ട് നൂതനവും വൈവിദ്ധ്യങ്ങളുമായ കലാപ്രവർത്തനങ്ങൾ ദുബായിലും കേരളത്തിലുമൊരുക്കുന്ന “തിരനോട്ടം”, ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബുമായി സഹകരിച്ചാണ് “അരങ്ങ് 2024” ഒരുക്കിയത്.

“തിരനോട്ടം” ദുബായ് പ്രതിനിധികളും റവ ഫാദർ ജോയ് പീണിക്കപ്പറമ്പിലും ചേർന്ന് ആട്ടവിളക്കിന് തിരി തെളിച്ചു.

തുടർന്ന് കേരള കലാമണ്ഡലം അവതരിപ്പിച്ച “ദുര്യോധനവധം” കഥകളിയിൽ എഴുപതിൽ പരം കലാകാരന്മാർ പങ്കെടുത്തു. മദ്ദളകേളിക്ക് ശേഷം നടന്ന രണ്ട്നോക്ക് പുറപ്പാടിൽ പാണ്ഡവരും പാഞ്ചാലിയും വന്നതോടെ അരങ്ങ് നിറഞ്ഞു. രാത്രി എട്ടര മണി വരെ നീണ്ടു നിന്ന മാരത്തോൺ അവതരണത്തിൽ ധർമ്മപുത്രർ-പാഞ്ചാലി, ദുര്യോധനൻ-ഭാനുമതി കഥാപാത്രങ്ങളുടെ തുടർച്ചയായ ശൃംഗരംഗങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ദുര്യോധനവധത്തിനു ശേഷം സാധാരണ അവതരിപ്പിക്കാത്ത കാളി-കൂളി ഭാഗവും അവസാനം ധർമ്മപുത്രർ-ശ്രീകൃഷ്ണൻ്റെ ഭാഗവും ആസ്വാദകർക്ക് നവ്യാനുഭവമായിമാറി.

വൈകീട്ട് നടന്ന ചടങ്ങിൽ കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ ഗോപാല പിഷാരടി, ചുട്ടി വിദഗ്ധൻ കലാനിലയം പരമേശ്വരൻ എന്നീ കലാപ്രതിഭകൾക്ക് “ഗുരുദക്ഷിണ” നൽകി ആദരിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ ബി അനന്തകൃഷ്ണൻ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ഡോ ജോളി ആൻഡ്രൂസ് എന്നിവർ സന്നിഹിതരായിരുന്നു.

2007 മുതൽ ഓഗസ്റ്റ് മാസത്തിൽ “അരങ്ങും” ഡിസംബർ 2ന് യു എ ഇയുടെ ദേശീയ ദിനത്തിനോടനുബന്ധിച്ച് ദുബായിൽ “ഉത്സവം IKKF” എന്ന പേരിൽ അന്താരാഷ്ട്ര കഥകളി കൂടിയാട്ടം ഫെസ്റ്റിവലും “തിരനോട്ടം” സംഘടിപ്പിച്ചു വരുന്നുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!