ക്ഷേത്രത്തിന്റെ പഴമ കൈവിടാതെയുള്ള പുനഃരുദ്ധാരണമാണ് മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി പുരോഗമിക്കുന്നത്.
മാളഃ ചരിത്രപ്രാധാന്യമുള്ള ഐരാണിക്കുളം മഹാദേവക്ഷേത്രത്തിന്റെ പുനഃരുദ്ധാരണം പൂർത്തീകരണത്തിലേക്ക്. ക്ഷേത്രത്തിന്റെ പഴമ കൈവിടാതെയുള്ള പുനഃരുദ്ധാരണമാണ് മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി പുരോഗമിക്കുന്നത്. പുനഃരുദ്ധാരണം 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. മൂന്നുകോടി രൂപ ചെലവിലാണ് നിർമ്മാണം. അടുത്ത മാർച്ചോടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഹൈ ഇലക്റ്റ് എന്റർപ്രൈസസിനാണ് പുനഃരുദ്ധാരണ ചുമതല. ഇൻകലിനാണ് മേൽനോട്ടം. ഭിത്തിയിലെ പ്ലാസ്റ്ററിംഗ്, ചെമ്പോല കൊണ്ടുള്ള മേൽക്കൂര. കൊത്തുപണികൾ എന്നിവ പൂർത്തിയായിട്ടുണ്ട്. തിരുവാതിര, നമസ്കാര മണ്ഡപങ്ങളുടെ നിർമ്മാണമാണ് ഇനി പൂർത്തിയാകാ നുള്ളത്. പുനഃരുദ്ധാരണം ഏറ്റെ ടുക്കുമ്പോൾ കാലപ്പഴക്കത്തിൽ ക്ഷേത്രത്തിന്റെ ഒരു ഭാഗം പത്ത് സെന്റീമീറ്ററോളം ചെരിഞ്ഞ നിലയിലായിരുന്നുവെന്നും അതെല്ലാം പരിഹരിച്ചാണ് ലൈം പ്ലാസ്റ്ററിംഗ് നടത്തിയതെന്നും നിർമ്മാണക്കരാർ ഏറ്റെടുത്തിട്ടുള്ള എച്ച് ദിലീപ്കുമാർ പറഞ്ഞു. ചെമ്പോല പൊതിയുന്നതിനായി 70 ലക്ഷത്തോളം രൂപയാണ് ചെലവായത്.
ക്ഷേത്രനിർമ്മാണത്തിലെ പഴമ കൈവിടാതിരിക്കാൻ ചുണ്ണാമ്പും ആറ്റുമണലും 23 ഇനം ഹെർബൽ ഉത്പ്പന്നങ്ങളും ഉപയോഗിച്ചാണ് പ്ലാസ്റ്ററിംഗ് നടത്തിയിട്ടുള്ളത്. ശർക്കര, കടുക്ക, കൂവളക്കായ, കസ്തൂരി മഞ്ഞൾ, കറ്റാർവാഴ അടക്കമുള്ള 28 ചേരുവകളാണ് നിശ്ചിതദിവസം കലർത്തിവെച്ച് ഉപയോഗിച്ചത്. ഈ മിശ്രിതം പുളിപ്പിച്ച് ചവിട്ടിക്കുഴച്ചാണ് പരുവപ്പെടുത്തിയത്. തുടർച്ചയായി ഏഴുതവണ പ്ലാസ്റ്ററിംഗ് നടത്തിയ ശേഷം മിനുസപ്പെടുത്തി കല്ലുകൊണ്ട് അരച്ചാണ് മാർബിൾ പരുവത്തിലേക്ക് മാറ്റിയത്. തിരുച്ചിറപ്പിള്ളിയിൽനിന്നുള്ള ചുണ്ണാമ്പാണ് ഉപയോഗിച്ചിട്ടുള്ളത്. പ്ലാസ്റ്ററിംഗ് പൂർത്തിയാകാൻ മാസങ്ങളെടുത്തു. ഇതിനുമാത്രം 25 ലക്ഷം രൂപയാണ് ചെലവായത്. ക്ഷേത്രത്തിന്റെ താഴികക്കുടം സ്വർണ്ണം പൊതിഞ്ഞത് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ്. ഇനി വടക്കേടത്ത് ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ കൂടി പൂർത്തിയാക്കണം.