ഗുരുവായൂര്‍ കുന്നംകുളം റോഡിനു വശത്തായി മൂന്നര ഏക്കറോളം വിസ്തൃതിയിലാണ് വിശാലമായ ചാട്ടുകുളം സ്ഥിതി ചെയ്യുന്നത്.
കുന്നംകുളം നഗരസഭയിലെ കാലപ്പഴക്കം ചെന്ന ചാട്ടുകുളം നവീകരിക്കുന്നു. മൈനര്‍ ഇറിഗേഷന്‍ ക്ലാസ് ടു പദ്ധിയിലുള്‍പ്പെടുത്തി 2.69 കോടി രൂപ വിനിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജലസ്രോതസ്സിനെ സംരക്ഷിക്കുന്നതോടൊപ്പം പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയൊരു പാത സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എ സി മൊയ്തീന്‍ എംഎല്‍എ ഇടപെട്ട് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ മണ്ഡലത്തിലെ മൂന്നു പ്രധാനപ്പെട്ട ജലസംരക്ഷണ പ്രവൃത്തികളിലെ ഒന്നാണ് ചാട്ടുകുളം നവീകരണം. ഗുരുവായൂര്‍ കുന്നംകുളം റോഡിനു വശത്തായി മൂന്നര ഏക്കറോളം വിസ്തൃതിയിലാണ് വിശാലമായ ചാട്ടുകുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന്റ ആഴംകൂട്ടി ചുറ്റും സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കും. കുളത്തിലേക്ക് ഇറങ്ങുന്നതിന് പടികളും ഒരുക്കും. കുളത്തിന്റെ എല്ലാ ഭാഗങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ വിരിച്ച് നടപ്പാതയും കുളത്തിന് ചുറ്റും കൈവരിയും നിര്‍മിച്ച് മനോഹരമാക്കും. നവീകരണത്തിന്റെ ഭാഗമായി കുളത്തിലെ വെള്ളം വറ്റിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
ചാട്ടുകുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതോടെ പ്രദേശത്തെ ജലലഭ്യത ഉറപ്പുവരുത്താനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. വിനോദ സഞ്ചാരികള്‍ക്ക് നയന മനോഹരമായ കാഴ്ച സമ്മാനിക്കാനും സാധിക്കും. കുന്നംകുളം മണ്ഡലത്തിലെ വേലൂര്‍ കിടായിച്ചിറ, ചെമ്മണ്ണൂര്‍ പുത്തന്‍കുളം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തികളും പുരോഗതിയിലാണ്.