ചാലക്കുടി : മുൻ ദേശിയ ഫുട്ബോൾ താരവും വിഖ്യാത പരിശീലകനുമായ ടി. കെ ചാത്തുണ്ണിക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട് ലഭിച്ച ഫുട്ബോളുകൾ അക്കാദമിക്ക് കൈമാറി. റീത്തുകൾക്ക് പകരം പന്തുകൾ നൽകിയാൽ മതിയെന്നും അവ കുട്ടികൾക്ക് കളിക്കാൻ കൊടുക്കണമെന്നുമായിരുന്നു ടി. കെ ചാത്തുണ്ണിയുടെ ആഗ്രഹം. ചാലക്കുടിയുടെ അഭിമാനമായ പ്രിയപ്പെട്ട പരിശീലകന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നാടകെ ഫുട്ബോളുകളുമായി അദ്ദേഹത്തെ അവസാനമായി കാണാൻ എത്തി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരണാനന്തരം ലഭിച്ച പന്തുകൾ ടി കെ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത, സഹോദരൻ വിശ്വംഭരൻ എന്നിവർ ചേർന്ന് കുട്ടികൾക്ക് കൈമാറി. അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് പരിശീലനത്തിനായാണ് പന്തുകൾ കൈമാറിയത്. ടി കെ ചാത്തുണ്ണി എന്ന അതുല്യ പ്രതിഭയുടെ ഓർമ്മകളും സ്വപ്നങ്ങളും പേറിയ ആ കാൽപന്തുകൾ ചാലക്കുടിയിലെ മൈതാനങ്ങളിൽ ഉരുളും. സ്കൂൾ മാനേജർ സി എ ഷാജി, അക്കാദമി കോഡിനേറ്റർ കെ കൃഷ്ണകുമാർ, പിടിഎ പ്രസിഡണ്ട് പി ആർ രാജേഷ്, ഹെഡ്മിസ്ട്രെസ് മാലിനി എംപി, ഫുട്ബോൾ താരം സുനിൽ അന്നനാട് പരിശീലകരായ രാഹുൽ വി എൻ, അജിത്ത് ടോമി അക്കാദമിയിലെ കുട്ടികളായ നീരജ്, നിശാൽ എന്നിവർ ചേർന്ന് പന്തുകൾ ഏറ്റുവാങ്ങി.
ചാത്തുണ്ണി സാറിന്റെ ഓർമ്മ പന്തുകൾ മൈതാനങ്ങളിലേക്ക്
