ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയുടെ പത്താം അദ്ധ്യായത്തില്‍ ചായ്പ്പന്‍കുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങള്‍ കളക്ടറുമായി സംസാരിച്ചു. സ്‌കൂള്‍ നവീകരണത്തെക്കുറിച്ചും കായിക അധ്യാപകന്റെ സേവനം ഒരുക്കിത്തരണമെന്നും സ്‌കൂളില്‍ എസ്.പി.സി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ കളക്ടറോട് പറഞ്ഞു. എല്ലാ ചോദ്യങ്ങളും ക്ഷമയോടെ കേട്ടിരുന്ന കളക്ടര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് പറഞ്ഞു. കളക്ടറോടൊപ്പം മുഖാമുഖത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മയ്ക്കായി പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥി കെ.എം ശ്രീഷ്ണ വരച്ച ചിത്രവും കളക്ടര്‍ക്ക് സമ്മാനിച്ചു. കളക്ടറെ സ്‌കൂളിലേക്ക് ക്ഷണിച്ചപ്പോള്‍ ഒരു ദിവസം സ്‌കൂളിലേക്ക് വരുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ പോലീസ് അക്കാദമി കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനുള്ള സജ്ജീകരണവും ഒരുക്കിക്കൊടുത്താണ് ജില്ലാ കളക്ടര്‍ സംവാദം അവസാനിപ്പിച്ചത്.
ചായ്പ്പന്‍കുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 8, 9, 10, ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ 32 വിദ്യാര്‍ത്ഥികളും അധ്യാപകരായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ചാക്കോ, എ.എസ് സജി, ശ്രീജ ആന്റണി, എന്‍.എസ് അനിഷ, കൗണ്‍സിലര്‍ ഐശ്വര്യ, ലാബ് അസിസ്റ്റന്റ് ബീന ജോര്‍ജ്ജ് എന്നിവരുമാണ് മുഖാമുഖത്തില്‍ പങ്കെടുത്തത്.
സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു
ചേലക്കര മണ്ഡലം നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ആംസ് ലൈസന്‍സുകളില്‍ ഉള്‍പ്പെട്ട ആയുധം ഡെപ്പോസിറ്റ് ചെയ്യുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി തൃശ്ശൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്‍ഡ് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തൃശ്ശൂര്‍ (സിറ്റി) എന്നിവര്‍ അംഗങ്ങളായി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു.
ചേലക്കര ഉപതെരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം
ചേലക്കര ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനായി ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ (https://order.ceo.kerala.gov.in) സജ്ജമായി. വടക്കാഞ്ചേരി, കുന്ദംകുളം, തൃശ്ശൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 17 ലോക്കല്‍ബോഡി സെക്രട്ടറിമാര്‍ മുഖേനയാണ് ഇതിനായുള്ള ഡാറ്റ കളക്ഷന്‍ പുരോഗമിക്കുന്നത്. ഇനിയും ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ മുഖേന ജീവനക്കാരുടെ പേരുവിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്ത സ്ഥാപന മേധാവികള്‍ ഇന്ന് (ഒക്ടോബര്‍ 24) ഉച്ചയ്ക്ക് 12 നകം അപ്ലോഡ് ചെയ്യണം. തൃശ്ശൂര്‍ കോര്‍പ്പറേഷന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ 75 ശതമാനം ഡാറ്റ എന്‍ട്രി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അതാത് ലോക്കല്‍ബോഡി സെക്രട്ടറിമാര്‍ സ്ഥാപനങ്ങളുടെ സ്റ്റാഫ് ലിസ്റ്റ് സഹിതമുള്ള ഹാര്‍ഡ് കോപ്പി ഇന്ന് (ഒക്ടോബര്‍ 24) ഉച്ചയ്ക്ക് 2 നകം കളക്ട്രേറ്റില്‍ നല്‍കേണ്ടതാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
വനിതകള്‍ക്കായി സംരഭകത്വ വികസന പരിശീലനം
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, മലപ്പുറം എന്നീ എട്ടു ജില്ലകളിലായി 18 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ നടത്തുന്നു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 20 പേരെ പരിശീലനത്തിനായി തെരെഞ്ഞെടുക്കും. യോഗ്യത പത്താം ക്ലാസ്സ്. അവിവാഹിതര്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1,200 രൂപ യാത്രാബത്ത ലഭിക്കും.
പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ (പേര്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തേണ്ടതാണ്), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഐ.ഡി പ്രൂഫ് പകര്‍പ്പ് (ആധാര്‍, വോട്ടേഴ്‌സ് ഐ.ഡി) ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എറണാകുളം മേഖലാ ഓഫീസില്‍ ഒക്ടോബര്‍ 29 ന് മുന്‍പായി സമര്‍പ്പിക്കണം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം- മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, മേഖലാ ഓഫീസ്, മാവേലി റോഡ്, ഗാന്ധിനഗര്‍, കടവന്ത്ര പി.ഒ. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ-മെയില്‍ roekm@kswdc.org ഫോണ്‍: 9496015008, 9496015011.
ഐടിഐയില്‍ സ്‌പെക്ട്രം ജോബ് ഫെയര്‍
കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ പാസ്സായവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തില്‍ സ്‌പെക്ട്രം ജോബ് ഫെയര്‍ നടത്തുന്നു. ജോബ്‌ഫെയറിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍/ എസ് സി ഡി ഡി/ സ്വകാര്യ ഐടിഐകളില്‍ നിന്നും പാസ്സായ തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരളത്തിന്റെ അകത്തും പുറത്തുമുളള പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ച് കൊണ്ട് തൃശ്ശൂര്‍ ജില്ലാ ജോബ് ഫെയര്‍ 2024 ന്റെ ഉദ്ഘാടനം ചാലക്കുടി ഐടിഐയില്‍ നവംബര്‍ 1 ന് നടക്കും. സ്‌പെക്ട്രം ജോബ് ഫെയര്‍ 2024 ല്‍ ഏകദേശം 100 കമ്പനികളും സര്‍ക്കാര്‍/ എസ് സി ഡി ഡി/ സ്വകാര്യ ഐടിഐകളില്‍ നിന്നായി 2000 ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കും.