Channel 17

live

channel17 live

ചാലക്കുടിയിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമായി

ഇന്ത്യയിൽ ആദ്യമായി മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ചാലക്കുടി നഗരസഭയിൽ പ്രവർത്തനമാരംഭിച്ചു. വാഹനത്തിൽ വീടുകളിൽ നേരിട്ടെത്തി, ആധുനിക സംവിധാനങ്ങളോടെ ടോയ്ലറ്റ് മാലിന്യങ്ങൾ ട്രീറ്റ്മെൻ്റ് ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി നിർവഹിച്ചു.

ഭൂമി ലഭ്യമാവുന്നിടത്തെല്ലാം ശുചിമുറി മാലിന്യ സംസ്കരണത്തിനുള്ള ശാസ്ത്രീയ പ്ലാൻ്റുകൾ സ്ഥാപിക്കേണ്ടത് കേരളത്തിൻ്റെ വികസന മുൻഗണനയിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കാൻ സാധിക്കാത്തതിന് പ്രധാന പ്രശ്നം ഭൂമിയുടെ ലഭ്യത കുറവാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ ആദ്യമായി ചാലക്കുടിയിൽ സജ്ജമായ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മറ്റ് തദ്ദേശസ്വയം സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് മുഖ്യാതിഥി ബെന്നി ബെഹനാൻ എം പി അഭിപ്രായപ്പട്ടു. മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വാഹനം ഫ്ലാഗ് ഓഫ് കർമ്മവും അദ്ദേഹം നിർവഹിച്ചു.

2023 -24 വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപ വകയിരുത്തിയാണ് മാലിന്യ സംസ്കരണ സംവിധാനത്തിന് നാഴികകല്ലാവുന്ന പദ്ധതി നഗരസഭ നടപ്പിലാക്കുന്നത്. വാഹനത്തിൽ തയ്യാറാക്കിയ ആധുനിക യന്ത്രസാമഗ്രികൾ ഉൾപ്പെടുന്ന പ്ലാൻ്റ്
വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി, സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്ന സംവിധാനമാണിത്. ഒരു ട്രക്കിൻ്റെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റ്, സെപ്റ്റിക് ടാങ്കുകളിലെ ഉള്ളടക്കങ്ങൾ പൂർണമായും കൈകാര്യം ചെയ്യാൻ കഴിയുംവിധമാണ് പ്രവർത്തിക്കുക.

എം ടി യു സംസ്കരിച്ചതിന് ശേഷമുള്ള വെള്ളം മലിനീകരണം ഇല്ലാത്തതും, കൃഷിക്കും മറ്റും ഉപയോഗിക്കാനും സാധിക്കും. അപകടകാരികളായ അണുക്കളോ മറ്റ് മാലിന്യങ്ങളോ സംസ്കരിച്ച ജലത്തിൽ ഉണ്ടാവില്ല. മണവും ഈ ജലത്തിനുണ്ടാവില്ല. സംസ്കരണത്തിന് ശേഷം ബാക്കി വരുന്ന ഖരമാലിന്യം യന്ത്ര സംവിധാനത്തിൽ തന്നെ ഉണക്കി ചെറിയ ബ്രിക്കറ്റുകളാക്കി മാറ്റും.

കേന്ദ്ര സർക്കാരിൻ്റെ അംഗീകൃത സ്ഥാപനമായ ഡിണ്ടിഗലിലെ ഡബ്യു എ എസ് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച്, തിരുവനന്തപുരത്തെ ഭൗമ എൻവിരോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. സോഷ്യോ എക്ണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് നഗരസഭക്ക് വേണ്ടി ഇതിൻ്റെ നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കുക. തുടർപ്രവർത്തനവും പരിപാലനവും ഇവരെ തന്നെയാണ് നഗരസഭ ഏൽപ്പിച്ചിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സംസ്കരണ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന സംവിധാനം കൂടിയാണിത്. ട്രീറ്റ്മെൻ്റ് യൂണിറ്റിൻ്റെ ശേഷി മണിക്കൂറിൽ 6000 ലിറ്ററാണ്. മുൻകൂർ ബുക്കിംഗ് അനുസരിച്ച് വിവിധ സ്ഥലങ്ങളിൽ പ്ലാൻ്റ് പ്രവർത്തിക്കും. യൂസർ ഫീ കൗൺസിൽ തീരുമാനം അനുസരിച്ച് ഈടാക്കും.

ചാലക്കുടി നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷനായി. ആരോഗ്യകാര്യ ചെയർമാൻ ദീപു ദിനേശ്, വികസന കാര്യ ചെയർമാൻ ജോർജ്ജ് തോമസ്, ക്ഷേമകാര്യ ചെയർപേഴ്സൺ ജിജി ജോൺസൺ, പൊതുമരാമത്ത്കാര്യ ചെയർപേഴ്സൺ സൂസമ്മ ആൻ്റണി, വിദ്യഭ്യാസ ചെയർപേഴ്സൺ സൂസി സുനിൽ, പാർലിമെൻ്റർ ലീഡർമാരായ ഷിബു വിലപ്പൻ, സി.എസ്. സുരേഷ്, വാർഡ് കൗൺസിലർ റോസി ലാസർ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ. കെ. മനോജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. സണ്ണി ജോർജ്ജ്, ശുചിത്വ മിഷൻ പ്രേഗ്രാം ഓഫീസറായ രജിനേഷ് രാജൻ, മുൻ നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, ഡിവൈഎസ്പി എം.കെ അശോകൻ, ക്ലീൻ സിറ്റി മാനേജർ സി. സുരേഷ്കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സ്വച്ഛ് സർവ്വേഷൻ 2024 ൻ്റെ ഭാഗമായി നഗരസഭ പ്രദേശത്ത് ശുചിത്വ മേഖലയിൽ മികവ് തെളിയിച്ച വ്യക്തികൾ, വാർഡുകൾ, റസിഡൻസ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവരെ ആദരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!