ചാലക്കുടി രാജീവ്ഗാന്ധി ടൗൺ ഹാളിൽ നടത്തിയ സംഗമം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.
കുടുംബശ്രീ സി.ഡി.എസ് ‘ചലനം മെൻ്റർഷിപ്പ്’ പ്രോഗ്രാമിന്റെ ഭാഗമായി ചാലക്കുടി നഗരസഭ അയൽക്കൂട്ട സെക്രട്ടറിമാരുടെ സംഗമം സംഘടിപ്പിച്ചു. ചാലക്കുടി രാജീവ്ഗാന്ധി ടൗൺ ഹാളിൽ നടത്തിയ സംഗമം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. 300-ലധികം അയൽക്കൂട്ടങ്ങളിലെ സെക്രട്ടറിമാർ സംഗമത്തിൽ പങ്കെടുത്തു. സാമ്പത്തിക ഇടപാടുകളിൽ കുടുംബശ്രീ അംഗങ്ങൾ പാലിക്കേണ്ട മുൻകരുതലുകളും സംഘടന ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും സംബന്ധിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി നിഷാദ് ക്ലാസുകൾ കൈകാര്യം ചെയ്തു. സാമ്പത്തിക ഇടപാടുകളും ബുക്ക് കീപ്പിംഗും സംബന്ധിച്ച് കാസ് ഓഡിറ്റ് ടീം പരിശീലനം നൽകി.
കുടുംബശ്രീ സംസ്ഥാന മിഷൻ ആരംഭിച്ച ‘ചലനം മെൻറ്റർഷിപ്പ് പ്രോഗ്രാം’ നഗര സി.ഡി.എസ് യൂണിറ്റുകൾ സ്വയംപര്യാപ്തവും സുസ്ഥിരവുമായ വികസന മാതൃകകളാക്കി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ മിഷൻ എ.ഡി.എം.സി രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി ബാബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി പോൾ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ജോമോൾ ബാബു, സി.ഡി.എസ് ചെയർപേഴ്സൺ സുബി ഷാജി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.