ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം ചിമ്മിനിയിലും.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായി എച്ചിപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച വാട്ടര്‍ എ.ടി.എമ്മിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ചിമ്മിനിയിലെത്തുന്നവര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തും വനം വകുപ്പും ചേര്‍ന്ന് വാട്ടര്‍ എടിഎം ഒരുക്കിയത്. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുക, ടൂറിസം മേഖലയില്‍ എത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്.
വിനോദ സഞ്ചാരികള്‍ അടക്കമുള്ള പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുംവിധമാണ് എടിഎം സജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും വാട്ടര്‍ എടിഎം പ്രവര്‍ത്തിക്കും. ഫില്‍റ്ററിങ് നടത്തി ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ ലഭിക്കുക. ശുദ്ധജല ലഭ്യതയ്ക്കായി എച്ചിപ്പാറ ചെക്പോസ്റ്റിനു സമീപം പദ്ധതിക്കായി കുഴല്‍ കിണര്‍ നിര്‍മ്മിച്ചിരുന്നു. ഒരു രൂപക്ക് ഒരു ലിറ്റര്‍ തണുത്ത വെള്ളവും, 5 രൂപക്ക് 5 ലിറ്റര്‍ സാധാരണ വെള്ളവും ലഭിക്കും. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് വാട്ടര്‍ എടിഎമ്മിനായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്.
വാട്ടര്‍ എടിഎമ്മിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി അശോകന് അധ്യക്ഷനായി. പീച്ചി ഡി.എഫ്.ഒ പി.എം. പ്രഭു മുഖ്യാഥിതിയായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അഷറഫ് ചാലിയാത്തൊടി, റോസിലി തോമസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എം. മുഹമ്മദ് റാഫി, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ വാട്ടര്‍ എടിഎം ആണ് ഇത്. സെന്റര്‍ റിംഗ് റോഡിലാണു മറ്റൊരു വാട്ടര്‍ എടിഎം പ്രവര്‍ത്തിക്കുന്നത്.