മൂർക്കനാട് സ്വദേശി കെ കെ ധനേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനീഷ്കരീം ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട :മൂർക്കനാട് സ്വദേശി കെ കെ ധനേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനീഷ്കരീം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷൈലജ ബാലൻ, വാർഡ് കൗൺസിലർ നസീമ കുഞ്ഞുമോൻ, സി പി ഐ (എം) കരുവന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ മനുമോഹൻ, ഇരിങ്ങാലക്കുട പോലീസ്എസ് ഐ സെൻകുമാർ, കുടുംബശ്രീ സി ഡി എസ് അംഗം അഖിത ചന്ദ്രൻ എന്നിവർ
ആശംസകൾ നേർന്നു സംസാരിച്ചു.
തരിശായി കിടന്നിരുന്ന 30 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി, വാടാമല്ലി, ചീര എന്നിവയാണ് കഴിഞ്ഞ മൂന്നു വർഷക്കാലമായി ധനേഷ് എന്ന യുവകർഷകൻ കൃഷി ചെയ്യുന്നത്.
കഴിഞ്ഞ വർഷത്തെ ഇരിങ്ങാലക്കുട നഗരസഭയിലെ ഏറ്റവും മികച്ച ചെണ്ടുമല്ലി കർഷകനുള്ള കർഷക അവാർഡ് ജേതാവ് കൂടിയായിരുന്നു ധനേഷ്. മൂർക്കനാട് സ്വദേശികളായ കറുത്ത പറമ്പിൽ കൊച്ചുമോൻ – ഗീത ദമ്പതികളുടെ ഇളയ മകനും, കേരള കർഷക സംഘം പ്രവർത്തകനും കൂടിയാണ് ധനേഷ്.
അഞ്ഞൂറോളം ഹൈബ്രിഡ് തൈകളാണ് ഇവിടെ കൃഷിക്കായി ഉപയോഗിച്ചത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കൾ വിടർന്നു നിൽക്കുന്നത് കാണാൻ തന്നെ കണ്ണിന് കുളിർമ്മയേകുന്നു. നിരവധി പേരാണ് ഇവിടെ പൂ കൃഷി കാണാനും ഫോട്ടോ എടുക്കുന്നതിനും വേണ്ടി എത്തുന്നത്. ഹൈബ്രിഡ് തൈകളായതിനാൽ ഏറെ വലിപ്പമുള്ള പൂക്കളാണ് അധികവും. 60 ദിവസം കൊണ്ടാണ് ഇതിന്‍റെ ആദ്യഘട്ട വിളവെടുപ്പ് നടത്തിയത്.
കഴിഞ്ഞ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നടക്കം പൂക്കൾ എത്തിയിട്ടു വേണമായിരുന്നു മലയാളിക്ക് അത്തപ്പൂക്കളം ഒരുക്കാൻ. എന്നാൽ ഇന്ന് ആ കഥ മാറി. നമ്മുടെ നാട്ടിൽ തന്നെ പലയിടത്തും പൂക്കളുടെ കൃഷി സജീവമായി കഴിഞ്ഞു. അതിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് മൂർക്കനാട് അയോധ്യ നഗറിനു സമീപം 30 സെന്‍റിൽ ചെയ്തിരിക്കുന്ന ചെണ്ടുമല്ലി.