ചേലക്കര താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച മാമോഗ്രഫി യൂണിറ്റിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ കാൻ തൃശൂർ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി 37.45 ലക്ഷം രൂപ ചെലവിലാണ് ചേലക്കര താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി മെഷീൻ സ്ഥാപിച്ചത്.
നിലവിൽ മാമോഗ്രാം ടെസ്റ്റിനായി മെഡിക്കൽ കോളേജിലും മറ്റു സ്വകാര്യ ആശുപത്രികളിലും പോകേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും ഗ്രാമീണ മേഖലയിലുള്ളവരുടെ ദുരിതം കുറയ്ക്കാൻ സഹായകരമായ സംവിധാനമാണ് താലൂക്ക് ആശുപത്രിയിൽ സർക്കാർ നടപ്പിലാക്കിയതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് പറഞ്ഞു.
ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ശ്രീദേവി ടി പി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. ആർ മായ, ദേശീയ ആരോഗ്യ ദൗത്യം കോർഡിനേറ്റർ ഡോ. സജീവ് കുമാർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജിത ബിനീഷ്, പി എം അനീഷ്, ലത സാനു,
ഗീതാ രാധാകൃഷ്ണൻ, ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ കെ.സി മുരുകേശൻ, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി ശ്രീജയൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ പി നന്ദി പറഞ്ഞു.