തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പോലീസ്, റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായ പരിശോധനകൾ നടത്തി വരവെയാണ് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് കൊരട്ടിയിൽ ഹാഷിഷ് ഓയിലുമായി കണ്ണൂർ സ്വദേശി പിടിയിലായത്. കണ്ണൂർ പുലിക്കുറുമ്പ സ്വദേശി മാന്തോട്ടത്തിൽ വീട്ടിൽ ജെറി (23 വയസ് )യെ ആണ് കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ അമൃത് രംഗൻ അറസ്റ്റ് ചെയ്തത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊരട്ടി – അന്നമനട റോഡിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് വൈ ജംഗ്ഷന് സമീപം സംശയാസ്പദമായ നിലയിൽ യുവാവിനെ കണ്ടത്. അടുത്തെത്തി ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് യുവാവിൻ്റെ ദേഹ പരിശോധന നടത്തിയപ്പോഴാണ് ചെറിയ ഡപ്പികളിലായി പാൻ്റ്സിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിൽ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. തൃശ്ശൂരിലെ ഡിജെ പാർട്ടിക്കിടയിൽ പരിചയപ്പെട്ട ഒരു യുവാവ് തനിക്ക് തന്നതാണിതെന്നാണ് ജെറി പോലീസിനോട് പറഞ്ഞതെങ്കിലും അത് മുഖവിലക്കെടുക്കാതെ വിശദമായ അന്വേഷണം നടത്തുവാനാണ് പോലീസിൻ്റെ തീരുമാനം.
ഹാഷിഷ് ഓയിൽ പിടികൂടിയ സംഘത്തിൽ കൊരട്ടി അഡീഷണൽ എസ്ഐ റെജിമോൻ, സീനിയർ സിപിഒമാരായ അഭിലാഷ്, ശ്യാം പി. ആൻ്റണി, ചാലക്കുടി സബ് ഡിവിഷൻ ഡാൻസാഫ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, മുസ പി.എം, വി. യു സിൽജോ, റെജി എ.യു , ഷിജോ തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.