Channel 17

live

channel17 live

ജനകീയ കൂട്ടായ്മയുടെ കരുത്തിൽ കോരംകുളത്തിന് പുതുജീവൻ

ഇരിങ്ങാലക്കുട : നാട്ടുകാർ ഒരുമ്പെട്ടിറങ്ങിയതോടെ പതിറ്റാണ്ടുകളായി കാടുപിടിച്ച് പായൽ മൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന കോരംകുളം ജലസമൃദ്ധമായ നീന്തൽക്കുളമായി മാറി. ആളൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കൊമ്പൊടിഞ്ഞാമാക്കലിൽ അരയേക്കറിലധികം വിസ്തൃതിയുള്ള കുളമാണ് നാട്ടുകാർ ഒന്നിച്ചിറങ്ങി ശുദ്ധീകരിച്ചത്.അമ്പതോളം ചെറുപ്പക്കാർ ദിവസങ്ങളോളം ശ്രമദാനം നടത്തിയാണ് കുളത്തിലേക്ക് നീണ്ട് പടർന്നു കിടന്ന കാടുകൾ വെട്ടിനീക്കിയതും കുളം നിറഞ്ഞു കിടന്ന പായൽ നീക്കം ചെയ്തതും. യന്ത്ര സഹായത്തോടെ അടിഞ്ഞുകൂടിയ ചളിയും നീക്കംചെയ്തു. നാട്ടുകാർ സാമ്പത്തിക സഹായവുമായെത്തിയതോടെ പതിറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച, തകർന്നു തുടങ്ങിയ സംരക്ഷണഭിത്തി കേടുപാടുകൾ തീർത്ത് ഉറപ്പാക്കി.

രണ്ട് ലക്ഷത്തോളം രൂപ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കോരംകുളം സംരക്ഷണ സമിതി ജനങ്ങളിൽ നിന്നും സമാഹരിച്ചു.വാർഡ് മെമ്പർ മിനി പോളി, ജോബി വർഗീസ്, പി പി പീററർ, പി എൽ ജെയിംസ്‌, പി ടി ജോബി, ജോബി ആൻറണി എന്നിവർ നേതൃത്വം നൽകി.നീന്തൽ പരിശീലനത്തിനുപുറമേ സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് കിണറുകളിലെ ജലസമൃദ്ധിക്കും കുളം സഹായകമാകും.

ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജൊ നവീകരിച്ച കുളത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. വാർഡ് മെമ്പർ മിനി പോളി അധ്യക്ഷത വഹിച്ചു.നീന്തൽ പരിശീലനം എം എസ് ഹരിലാലും ശലഭോദ്യാനം പി കെ കിട്ടനും വൃക്ഷത്തൈ നടീൽ അഭി തുമ്പൂരും ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി സുരേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ എം എസ് വിനയൻ, ഷൈനി തിലകൻ, അംഗം രേഖ സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജുമൈല സഗീർ, ബാബു പി തോമസ്, പി പി പീററർ, ജോബി വർഗീസ്, പി പി ഔസേപ്പുണ്ണി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

കുളത്തിലേക്കുള്ള റോഡ് നവീകരണത്തിന് 10 ലക്ഷം രൂപയും കുളം നവീകരണത്തിലേക്ക് താൽക്കാലികമായി 20,000രൂപയും
ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ ആർ ജോജൊ യോഗത്തിൽ അറിയിച്ചു.

കുളത്തോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിൽ എം പി ഫണ്ട് ഉപയോഗിച്ചുള്ള
അംഗൻവാടി കെട്ടിടത്തിൻെറ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!