ചാലക്കുടയിലെ ജനവാസമേഖലകളിലിറങ്ങിയ പുലിയെ ലൊക്കേറ്റ് ചെയ്ത് മയക്കുവെടി വച്ച് പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സനീഷ്‌കുമാർ ജോസഫ് എം എൽ എ കത്ത് നൽകി. മൂന്നാഴ്ചയിലേറെയായി പുലി ജനവാസ മേഖലയിൽ കറങ്ങിനടക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാണെന്നും തിരച്ചിലിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി നിയോഗിച്ചിട്ടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്നും എം എൽ എ കത്തിൽ ചൂണ്ടികാണിച്ചു.
കൊരട്ടി പഞ്ചായത്ത് ചാലക്കുടി നഗരസഭ, കാടുകുറ്റി പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണസ്ഥാപന പരിധികളിൽ പുലിയുടെ സാനിധ്യം സ്ഥിരീകരിച്ചതിന് പുറമെ കഴിഞ്ഞ ദിവസം കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ പീലാര്‍മുഴിയില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ചതായും ചാലക്കുടി മേഖലയില്‍ പുലിയുടെ ആക്രമണം പെരുകുകയാണെന്നും എം എൽ എ മന്ത്രിയെ അറിയിച്ചു.