മോക്ക് പാര്‍ലമെന്റ് അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍
നെഹ്രു യുവകേന്ദ്രയുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല നൈബര്‍ഹുഡ് യൂത്ത് പാര്‍ലമെന്റ് പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെക്കുറിച്ചും ജൂഡിഷ്യറി, ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് എന്നിവയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ കൃത്യതയോടെ അറിഞ്ഞിരിക്കണം. ഭരണഘടനയെക്കുറിച്ചും ലോകസഭ, രാജ്യസഭ എന്നിവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിയാന്‍ യൂത്ത് പാര്‍ലമെന്റ് ഏറെ സഹായകരമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
യുവാക്കള്‍ക്ക് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനും വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചത്. ജില്ലയിലെ എന്‍വൈകെയുടെയും എന്‍എസ്എസിന്റെയും 600 ഓളം വളണ്ടിയേഴ്‌സാണ് യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തത്. ചടങ്ങില്‍ പാര്‍ലമെന്റ് മാതൃകയില്‍ വളണ്ടിയേഴ്‌സില്‍നിന്ന് സ്പീക്കര്‍, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രിമാര്‍, എം.പിമാര്‍ എന്നിവരെ തെരഞ്ഞെടുത്ത് മോക്ക് പാര്‍ലമെന്റ് അവതരിപ്പിച്ചു.
ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വനമിത്ര, ഭൂമിമിത്ര പുരസ്‌കാരങ്ങള്‍ നേടിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.കെ ശ്രീധരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ആദരിച്ചു. യൂത്ത് പാര്‍ലമെന്റ് അവാര്‍ഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മൊമന്റോ നല്‍കി ആദരിച്ചു.
അക്കൗണ്ട്‌സ് ആന്റ് പ്രോഗ്രാം ഓഫീസര്‍ ഒ. നന്ദകുമാര്‍, എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗ്ഗീസ്, നെഹ്രു യുവകേന്ദ്ര ഓഫീസ് സ്റ്റാഫ് കെ.ആര്‍ ശ്രീജിത്ത്, വിവിധ കോളേജുകളില്‍ നിന്നും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയില്‍ അഡ്വ. ആശ ഫ്രാന്‍സിസ് ‘നാരി ശക്തി’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സുജിത്ത് എഡ്വിന്‍ പെരേര മോക്ക് പാര്‍ലമെന്റ് സെഷന് നേതൃത്വം നല്‍കി. തുടര്‍ന്ന് കുന്നംകുളം കരിക്കാട് ഉണര്‍വ് നാടന്‍ കലാ സമിതിയുടെ നേതൃത്വത്തില്‍ കലാവിരുന്നും നടന്നു.