Channel 17

live

channel17 live

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

ജില്ലയിലെ പത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ് പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം നല്‍കിയത്. പദ്ധതികള്‍ സമര്‍പ്പിച്ച പറപ്പൂക്കര, മുരിയാട്, പുത്തന്‍ചിറ, വെങ്കിടങ്ങ്, അളഗപ്പനഗര്‍, കൊണ്ടാഴി, പുന്നയൂര്‍, എടവിലങ്ങ്, വരന്തരപ്പിള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകരം നല്‍കിയത്. 2023-24 വാര്‍ഷിക പദ്ധതി ഭേദഗതിക്കായി സമര്‍പ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്കും യോഗം അംഗീകാരം നല്‍കി. ഇനി പദ്ധതികള്‍ സമര്‍പ്പിക്കാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പദ്ധതികള്‍ സമര്‍പ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചു.

ജില്ലാ സംയുക്ത പദ്ധതികളായ വന്യമിത്ര, കാന്‍ തൃശ്ശൂര്‍, സമേതം, എബിസി തുടങ്ങിയ പദ്ധതികള്‍, സ്ഥലമില്ലാത്ത ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രോജക്ടുകള്‍, മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി എംസിഎഫ് ഉള്‍പ്പെടെയുള്ള ശുചിത്വ പ്രോജക്ടുകള്‍, അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമുള്ളതും വീടില്ലാത്തതുമായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് അനുവദിക്കുന്നതിനുള്ള പദ്ധതി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രോജക്ടുകള്‍, ഹാപ്പിനസ് പാര്‍ക്ക് തുടങ്ങിയവയ്ക്കുള്ള പ്രോജക്ടുകള്‍ എന്നിവയ്ക്ക് വാര്‍ഷിക പദ്ധതിയില്‍ മുന്‍ഗണന നല്‍കിയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 6 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ ചേരുവാനും തീരുമാനമായി. സബ് കമ്മിറ്റി യോഗം ഫെബ്രുവരി 5-ാം തീയ്യതിയും ചേരും.

യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി ഡോ. എം.എന്‍. സുധാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!