2025 മെയ് മാസത്തിലെ ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസിന്റെ അധ്യക്ഷതയിൽ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്നു.ജില്ലയിലെ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 104 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2025-26 വാർഷിക പദ്ധതി അന്തിമമാക്കി അംഗീകാരം നൽകി. ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളാണ് അംഗീകാരം ലഭിക്കാൻ ബാക്കിയുള്ളത്.
2024 – 25 വാർഷിക പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ യോഗത്തിൽ ആദരിച്ചു. 2024-25 വാർഷിക പദ്ധതി വിഹിതം ചെലവാക്കിയതിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ കോർപ്പറേഷന് പുരസ്കാരം നൽകി ആദരിച്ചു. 2024-25 വാർഷിക പദ്ധതി വിഹിതം ചെലവഴിച്ചതിൽ മികച്ച നേട്ടം കൈവരിച്ച ചാവക്കാട്, കുന്നംകുളം നഗരസഭകൾക്കും ചേർപ്പ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾക്കും യോഗത്തിൽ പുരസ്കാരം നൽകി. 2024-25 വാർഷിക പദ്ധതിയിൽ 100 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളെയും യോഗത്തിൽ പുരസ്കാരം നൽകി ആദരിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ആർ മായക്ക് ജില്ലാ ആസൂത്രണ സമിതിയുടെ യാത്രയയപ്പും യോഗത്തിൽ നൽകി.ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.