ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എല്‍.ഇ.ഡി വാളിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എയുടെ 2023-24 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് എല്‍.ഇ.ഡി വാളും സൗണ്ട് സിസ്റ്റവും കോളേജിന് മന്ത്രി ഡോ. ആര്‍. ബിന്ദു കൈമാറിയത്.
സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബ്ലെസി, കൗണ്‍സിലര്‍ ഫെനി എബി വെള്ളാനിക്കാരന്‍, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു എന്നിവര്‍ പങ്കെടുത്തു.
എം.ആര്‍.എസില്‍ റെസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ നായരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റലുകളായ വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ റെസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 2025-26 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതും രാത്രിയില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതുമാണ് ചുമതല. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 21ന് രാവിലെ 10.30ന് ചാലക്കുടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പീച്ചി പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ നിയമനത്തിന് വനിതകളെ മാത്രമേ പരിഗണിക്കൂ. പ്രായ പരിധി 22 നും 45 മദ്ധ്യേ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ച്ച് 31 വരെയാണ് കരാര്‍ നിയമനം നല്‍കുക. കരാര്‍ കാലാവധിയില്‍ പ്രതിമാസം 15,000 രൂപ ഹോണറേറിയമായി ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഇന്‍ര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യതകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി 0480 2706100 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
കെ.ജി.ടി.ഇ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സ്
സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസവകുപ്പും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പി.എസ്.സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ പ്രീഡിഗ്രി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷന്‍/ പ്രസ്സ് വര്‍ക്ക്/ പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി, മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും നല്‍കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയ്ക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ലഭിക്കും. വിലാസം- ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, ബൈരായിക്കുളം സ്‌കൂള്‍ ബില്‍ഡിംഗ്, റാം മോഹന്‍ റോഡ്, ശിക്ഷക് സദന് പിന്‍വശം, കോഴിക്കോട്. വെബ്‌സൈറ്റ് : www.captkerala.com ഫോണ്‍: 0495 2723666, 0495 2356591, 9496882366.
ലൈറ്റ് ആന്‍ഡ് സൗണ്ട് ടെണ്ടര്‍ ക്ഷണിച്ചു
കേരള സാഹിത്യ അക്കാദമി ആഗസ്റ്റ് 17 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിനായി ലൈറ്റ്, സൗണ്ട് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 25 ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ടെണ്ടര്‍ ഫോമുകള്‍ അക്കാദമി ഓഫീസിലും www.keralasahityaakademi.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സാഹിത്യ അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2331069, 2331103.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത- ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത- പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത- എസ്.എസ്.എല്‍.സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളായായിരിക്കും ക്ലാസുകള്‍. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ടാകും. കൂടാതെ പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കുന്നതാണ്. ഫോണ്‍: 7994449314.