Channel 17

live

channel17 live

ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ (വി.സി )ക്ക് ജന്മനാടിന്റെ ആദരം 13ന് ശനിയാഴ്ച

കൊരട്ടി : പൗരോഹിത്യ സുവർണ്ണ ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാനെ വികാരി ഫാ. സെബാസ്റ്റ്യൻ മാടശ്ശേരിയും ഇടവക സമൂഹവും ജൂലൈ13ന് ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നു. തുടർന്ന് ജൂബിലേറിയൻ കൃതജ്ഞതാബലി അർപ്പിക്കും. പിന്നീട് പാരീഷ് ഹാളിൽ വികാരിയുടെ അധ്യക്ഷതയിൽ നടക്കുന്ന അനുമോദന യോഗത്തിൽ പ്രമുഖ സാംസ്കാരിക, ആധ്യാത്മിക നേതാക്കൾ പങ്കെടുക്കും.

സുവിശേഷ പ്രഘോഷണം ജീവിതമാക്കിയ സന്യാസ ശ്രേഷ്ഠനാണ് റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ. പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, പ്രഗത്ഭനായ വാഗ്മി, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാൻ പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ നിറവിലാണ്. തിരുമുടിക്കുന്നിൽ വല്ലൂരാൻ ദേവസി – റോസി ദമ്പതികളുടെ ഇളയ മകനായി 1949 ജനുവരി 4 ന് ജനിച്ച അദ്ദേഹം വാലുങ്ങാമുറി എച്ച്.എം.എൽ.പി.എസ്., തിരുമുടിക്കുന്ന് യു.പി.എസ്, കൊരട്ടി എം.എ.എം.സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1964ൽ വൈദികനാകുവാൻ തീരുമാനിച്ച് വിൻസെൻഷ്യൻ കോൺഗ്രിഗേഷനിൽ ചേർന്ന അദ്ദേഹം മംഗലപ്പുഴ, പൂന സെമിനാരികളിൽനിന്ന് വൈദിക പഠനം പൂർത്തിയാക്കി.

1974 ഒക്ടോബറിൽ എറണാകുളം-അങ്കമാലി സഹായമെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ കൈവയ്പ് ശുശ്രൂഷയാൽ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് റോമില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലോടെ ഡോക്ടറേറ്റ് നേടി. കേരളത്തില്‍ തിരിച്ചുവന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും അതോടൊപ്പം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലും വിദേശത്തുമുള്ള പ്രഗത്ഭരായ വൈദികര്‍ അദ്ദേഹത്തിന്‍റെ ശിഷ്യരായുണ്ട്. അദ്ദേഹത്തിന്റെ പൗരോഹിത്യ സിൽവർ ജൂബിലി സ്മാരകമായി മാനസിക അസ്വാസ്ഥ്യം ഉള്ളവർക്കായി മേലൂരിൽ ഒരു ആലയം പ്രവർത്തിച്ചു വരുന്നുണ്ട്. വാര്‍ത്താമാധ്യമരംഗത്തെ കുതിച്ചുചാട്ടത്തെ മുന്നില്‍കണ്ട് ഡിവൈന്‍ വിഷന്‍ എന്ന ദ്റ്ശ്യമാധ്യമം സ്ഥാപിക്കുകയും കൈസ്തവ മൂല്യങ്ങളിലൂന്നിനിന്നുകൊണ്ട് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തുവന്നു. ഇപ്പോള്‍ വിപുലീകരിച്ച് ‘ ഗുഡ്നെസ്സ് ‘എന്ന പേരില്‍ ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

“നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍”. (മാർക്കോസ് 16 – 15 ) എന്ന യേശുവിന്റെ പ്രബോധനമുൾക്കൊണ്ട് തുടര്‍ച്ചയായി ഇന്‍ഡ്യയുടെ വിവിധ ഭാഗത്തും വിദേശത്ത് വിവിധ രാജ്യങ്ങളിലും അദ്ദേഹം വചനപ്രഘോഷണം ചെയ്തുകൊണ്ടിരിക്കുന്നു. ശ്രീലങ്കയിൽ ധ്യാനകേന്ദ്രത്തിന്റെ പുതിയൊരു ശാഖയുടെ നിർമ്മാണത്തിന്റെ പണിപ്പുരയിലാണിപ്പോൾ. സന്യാസ ജീവിതത്തിന്റെ സുവർണ ജൂബിലിയുടെ നിറവിലായിരിക്കുന്ന അദ്ദേഹം ജീവിതത്തിൽ75 വർഷങ്ങൾ പിന്നിടുകയാണ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!