കൊടകര സഹൃദയ കോളേജിൽ നടന്ന ചടങ്ങിൽ ആയിരത്തിലധികം കോളേജ് വിദ്യാർത്ഥിനികൾ പങ്കെടുത്തു.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന ‘ജ്വാല 3.0’ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ തൃശ്ശൂർ റൂറൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS നിർവഹിച്ചു. തൃശ്ശൂർ റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. ഉല്ലാസ് വി. എ. അധ്യക്ഷത വഹിച്ചു. കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ചടങ്ങിൽ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. അമ്പിളി സോമൻ മുഖ്യാതിഥിയായിരുന്നു. വനിതാ സെൽ സബ് ഇൻസ്പെക്ടർ ശ്രീമതി. സൗമ്യ ഇ.യു. സ്വാഗതം ആശംസിച്ചു. സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാദർ ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ., വൈസ് പ്രിൻസിപ്പൽ ഡോ. കരുണ കെ., കൊടകര പോലീസ് ഇൻസ്പെക്ടർ ശ്രീ. ദാസ് ടി. കെ. എന്നിവർ ആശംസകൾ നേർന്നു. ജനമൈത്രി സുരക്ഷാ പദ്ധതി എ.ഡി.എൻ.ഒ. ശ്രീ. ശ്രീലാൽ സി. എൻ. നന്ദി അറിയിച്ചു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും അവരെ ആത്മവിശ്വാസം നിറഞ്ഞവരാക്കാനും കേരളാ പോലീസ് നിരവധി കർമ്മപരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS പറഞ്ഞു. സ്വയം പ്രതിരോധ പരിശീലനം സ്ത്രീകളുടെ ശാരീരിക-മാനസിക ശാക്തീകരണത്തിന് മാത്രമല്ല, അവർക്കു തങ്ങളിലെ കഴിവുകൾ തിരിച്ചറിയാനും അവരുടെ ഭയങ്ങളെ അതിജീവിക്കാനുമുള്ള അടിയന്തര ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടസാഹചര്യങ്ങളിൽ ഭയക്കാതെ, സമയോചിതമായി പ്രതികരിക്കണമെങ്കിൽ, അതിനായി മുൻകൂട്ടി തയ്യാറാകണം. ശാരീരിക ശക്തിയോടൊപ്പം മനസ്സിന്റെ ശക്തിയും ആത്മവിശ്വാസവും വളർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ, അവരെ സ്വയം സംരക്ഷിക്കാൻ ഈ പരിശീലനം പ്രയോജനപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പദ്ധതികൾ തുടരുമെന്നും, ഇത്തരത്തിലുള്ള പരിശീലന പരിപാടികൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു. മാർച്ച് 10, 11 തിയതികളിൽ തൃശൂർ റൂറൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിൽ തൃശ്ശൂർ റൂറൽ വനിതാ സെല്ലിലെ മാസ്റ്റർ ട്രെയിനർമാരായ ശ്രീമതി. സിന്ധു ടി.കെ., ശ്രീമതി. ജിജി.വി.വി., ശ്രീമതി. ഷാജമോൾ എന്നിവർ ക്ലാസെടുക്കും.