മൺസൂൺകാല ട്രോളിംഗ് നിരോധനം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മലപ്പുറം കുട്ടായിമംഗലം സ്വദേശി അലിമോന്റെ വാദിസലാം കാരിയർ വള്ളം ചാവക്കാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ. നായരുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത വള്ളത്തിന് 60,000 രൂപ പിഴ ഈടാക്കി. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും അനധികൃത മത്സ്യ ബന്ധനം നിരീക്ഷിക്കുന്നതിനായി വിവിധ ഹാർബറുകളിലായി മറൈൻ എൻഫോഴ്സ്മെന്റ് ടീമും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. സീമയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.
മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിംഗ് വിഭാഗം ഓഫീസർമാരായ ഇ.ആർ ഷിനിൽകുമാർ, വി.എം ഷൈബു, മുനക്കകടവ് കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ ശിവദാസ്, സി.പി.ഒ അവിനാഷ്, സീറെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, വിബിൻ, ഡ്രൈവർ അഷറഫ് പേബസാർ എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിലും സ്പെഷൽ ടാസ്ക് സ്ക്വാഡുകളുടെ കർശന പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾ മജീദ് പോത്തന്നൂരാൻ അറിയിച്ചു.