Channel 17

live

channel17 live

ഠാണ- ചന്തകുന്ന് വികസനം യാഥാര്‍ത്ഥ്യത്തിലേക്ക്; വികസന പ്രവർത്തികൾ ആരംഭിച്ചു

ഇരിങ്ങാലക്കുടയിലെ ഠാണ- ചന്തകുന്ന് വികസനം യാഥാര്‍ത്ഥ്യത്തിലേക്ക്. സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങളും മറ്റും പൊളിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു. വികസനത്തിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും സ്ഥാപനങ്ങളും ജീവനോപാധിയും നഷ്ട്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിച്ചാണ് നിര്‍മ്മാണ ആരംഭത്തിലേക്ക് കടന്നിരിക്കുന്നത്. ബി എസ് എന്‍ എല്‍ പരിസരത്ത് നടന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു.

1936 ല്‍ രൂപികൃതമായ ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലെ അഭിമാനകരമായ മൂഹുര്‍ത്തമാണിതെന്നും 45 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ അതിസങ്കീര്‍ണമായ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാകുവാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്ത് നിന്നും സ്ഥലം വിട്ട് കൊടുക്കുന്നവര്‍ക്കായി 40.76 കോടി രൂപയാണ് 133 പേര്‍ക്കായി വിതരണം ചെയ്തത്.
ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ മാറ്റല്‍ ലക്ഷ്യമിട്ടാണ് കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗം വീതി കൂട്ടുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍ ഉള്‍പെട്ട 0.5512 ഹെക്ടര്‍ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി ഏറ്റെടുത്തത്. ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാര-വാണിജ്യ-സാംസ്‌കാരിക മേഖലകളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന ജംഗ്ഷന്‍ വികസന പദ്ധതി ഇരിങ്ങാലക്കുടയുടെ വികസനകുതിപ്പിലേക്ക് നയിക്കും.

നിലവില്‍ 11 മീറ്റര്‍ വീതി മാത്രമുള്ള ഠാണ ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാക്കി കൂര്‍ക്കഞ്ചേരി കൊടുങ്ങല്ലൂര്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ടേബീള്‍ടോപ്പ് കോണ്‍ക്രീറ്റിങ് ചെയ്താണ് വികസിപ്പിക്കുന്നത്. 17 മീറ്റര്‍ വീതിയില്‍ 13.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിങ്ങ്, റിഫ്‌ളക്ടറുകള്‍, സൂചന ബോര്‍ഡുകള്‍, ദിശ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും.

ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ടൗണ്‍ ജുമാ മസ്ജിദ് ഇമാം കെബീര്‍ മൗലവി, മുന്‍ എം എല്‍ എ കെ യു അരുണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ലത, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍, സാംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!