Channel 17

live

channel17 live

തുമ്പൂര്‍ 33 കെ.വി സബ്സ്റ്റേഷന്‍ സമര്‍പ്പിച്ചു

സംസ്ഥാനത്തുടനീളം ഉണ്ടായ ശക്തമായ കാലവര്‍ഷത്തില്‍ തകര്‍ന്ന വൈദ്യുതി ലൈനുകള്‍ അതിവേഗം പുനസ്ഥാപിക്കുമെന്നും ജീവനക്കാര്‍ രാപകല്‍ ഇല്ലാതെ വൈദ്യുതി തടസം ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. തുമ്പൂര്‍ 33 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൃശൂര്‍ ജില്ലയില്‍ വൈദ്യുതി വിതരണ പ്രസരണ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഇക്കാലയളവില്‍ നടപ്പാക്കിയത്. ചാലക്കുടി, കുന്നംകുളം 220 കെ.വി സബ്‌സ്റ്റേഷന്‍, മണ്ണുത്തി 110 കെ.വി സബ്‌സ്റ്റേഷന്‍ എന്നിവ യാഥാര്‍ഥ്യമായി. മാള, കൊടുങ്ങല്ലൂര്‍ 64 കെ.വി സബ്‌സ്റ്റേഷനില്‍ നിന്ന് 110 ആയും പാലക്കല്‍ 33 കെവി സബ്‌സ്റ്റേഷന്‍ 110 കെ.വിയായും ഉയര്‍ത്തി. മ്ലാങ്ങാട് 33 കെ.വി സബ്‌സ്റ്റേഷന്‍ പൂര്‍ത്തീകരിച്ചു. രണ്ടു വര്‍ഷത്തില്‍ പുഴയ്ക്കല്‍, തൃശൂര്‍ മെഡിക്കല്‍ കോളേജ,് വരന്തരപ്പിള്ളി, എളനാട് 33 കെ.വി സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാകും. തൃശൂര്‍ സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിന് 50 സെന്റ് സ്ഥലം നെഗോഷ്യബിള്‍ പര്‍ച്ചേസ് പ്രകാരം വാങ്ങികൊണ്ട് 2023 ഓഗസ്റ്റില്‍ നിര്‍മാണം ആരംഭിച്ചിരുന്നു. അപകട സാധ്യത കുറയ്ക്കുന്ന നൂതന സാങ്കേതികവിദ്യയായ കവേര്‍ഡ് കണ്ടക്ടറാണ് ഇവിടെ ഉപയോഗിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പരിപാടിയില്‍ ഉന്നത- വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയായി. കൊമ്പൊടിഞ്ഞാമാക്കല്‍, പുത്തന്‍ചിറ, മാള, ചാലക്കുടി സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന തുമ്പൂര്‍, കൊമ്പൊടിഞ്ഞാമാക്കല്‍, കടുപ്പശ്ശേരി, കുഴിക്കാട്ടുശ്ശേരി, കൊറ്റനല്ലൂര്‍ പ്രദേശങ്ങളിലെ ഏതാണ്ട് കാല്‍ ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

7.7 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഡേവിസ് മാസ്റ്റര്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി, കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേഷന്‍ ആന്‍ഡ് പ്ലാനിങ് ഡയറക്ടര്‍ സജീവ് പൗലോസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ ദിനേശ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!