കേരളത്തിലെ എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളും ലോക നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനായി സജ്ജമായികൊണ്ടിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തൃശ്ശൂർ കോർപ്പറേഷൻ ജനറൽ ആശുപത്രിയിൽ വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓട്ടോമാറ്റിക് ബ്ലഡ് അനലൈസർ മെഷീന്റെ സമർപ്പണം മന്ത്രി ആർ ബിന്ദു നിർവഹിച്ചു. എച്ച് എം സി ഫണ്ട് ഉപയോഗിച്ച് സജ്ജമാക്കിയ നാല് ഡയാലിസിസ് മെഷീന്റെയും റോട്ടറി ക്ലബ് സ്പോൺസർ ചെയ്ത രണ്ട് ഡയാലിസിസ് മെഷീൻ്റേയും സമർപ്പണം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കല്യാൺ സിൽസിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി റോട്ടറി ക്ലബ് സ്പോൺസർ ചെയ്ത അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീന്റെ സമർപ്പണം ഡെപ്യൂട്ടി മേയർ എം.എൽ. റോസി നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി ഒ പി രോഗികൾക്ക് നൽകിയ എയർപോർട്ട് ചെയറുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി ബാങ്ക് പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങി. കനറാ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി ഒ പി യിലും ഫാർമസിയിലും നടപ്പിലാക്കിയ ടോക്കൺ സിസ്റ്റത്തിന്റെ സ്വിച്ച് ഓൺ കർമ്മം കോർപ്പറേഷൻ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ നിർവഹിച്ചു.
ആശുപത്രി പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് രാജശ്രീ ഗോപൻ, ഡിവിഷൻ കൗൺസിലർ റെജി ജോയ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ഹെൽത്ത് സൂപ്പർവൈസർ ഹനീഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.