സഹകരണ സംഘങ്ങളെ തകര്‍ക്കാനുളള സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കണം സഹകരണ ജനാധിപത്യവേദി പ്രാഥമിക സഹകരണ സംഘങ്ങളെ മുതല്‍ കാര്‍ഷിക സഹകരണ സംഘങ്ങളെ വരെ തകര്‍ക്കാനുളള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇരിഞ്ഞാലക്കുട കേരള ബാങ്ക് ശാഖക്ക് മുന്പില് സഹകരണ ജനാധിപത്യവേദി സഹകാരി ധര്‍ണ്ണ നടത്തി. മുകുന്ദപുരം താലൂക്കിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരും ഭരണസമിതി അംഗങ്ങളും ജീവനക്കാരും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഉള്‍പടെ നിരവധി സഹകാരികള്‍ പങ്കെടുത്ത ധര്‍ണ്ണ സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെയുളള ശക്തമായ പ്രതിഷേധമായിമാറി. ധര്‍ണ്ണ സഹകരണ ജനാധിപത്യവേദി മുകുന്ദപുരം താലൂക്ക് ചെയര്മാന് ആന്റോ പെരുമ്പിളളി അദ്ധ്യക്ഷത വഹിച്ചു. ഐ ടി യു ബാങ്ക് ചെയര്‍മാനും മുന്‍ കെ പി സി സി സെക്രട്ടറിയുമായ എം.പി.ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു.
സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന തരത്തിലുളള തെറ്റായ രീതികളിലൂടെയാണ് കേരള ബാങ്ക് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും സഹകരണ സംഘങ്ങളെ സഹായിക്കാന്‍ എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച കേരള ബാങ്ക് ഇന്ന് സംഘങ്ങളെ ദ്രോഹിക്കുന്ന തരത്തിലുളള നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് എം.പി.ജാക്സണ് പറഞ്ഞു. സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്മാന് എം.കെ.അബ്ദുള്‍സലാം മുഖ്യ പ്രഭാഷണം നടത്തി. കേരള ബാങ്കിനോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ട നിബന്ധനകളില്‍ പ്രാഥമികമായ കാര്യങ്ങള്‍ പോലും പാലിക്കാതെയാണ് കേരള ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കിന്റെ നിലപാടു സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതെന്നും കേരള സര്‍ക്കാരിന്റെ നയങ്ങള്‍ സഹകാരികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ദോഷകരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കരുവന്നൂര്‍ ബാങ്കിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നെന്നും ആയത് മറ്റു സംഘങ്ങള്‍ക്ക് കൂടി ദോഷകരമായി മാറിയെന്നും മുഖ്യപ്രഭാഷകന്‍ പറഞ്ഞു.
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും താലൂക്ക് ജനറല്‍ കണ്‍വീനറുമായ ജോമോന് വലിയവീട്ടില്‍ സ്വാഗതവും പുതുക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു നന്ദിയും പറഞ്ഞു. ഡി സി സി സെക്രട്ടറിമാരായ സതീഷ് വിമലന്, ഗോപാലകൃഷ്ണന്, സെബി കൊടിയന്‍, മണ്ഡലം പ്രസിഡന്റ് അബ്ദുഹക്ക്, വിജയന് എളയേടത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.