നഗരത്തിലെ പെരിങ്ങാവ് പരിസര പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. നഗരത്തിലെ താണിക്കുടംപുഴ, ഗിരിജാതോട്, കുണ്ടുവാറ തോട് എന്നിവ എത്രയും പെട്ടെന്ന് വൃത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.പെരിങ്ങാവ് വെള്ളക്കെട്ട് പരിസര പ്രദേശങ്ങൾ റവന്യൂ, കോർപ്പറേഷൻ, മൈനർ, മേജർ, ഇറിഗേഷൻ, കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സംയുക്തമായി സ്ഥലം സന്ദർശിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.പുഴക്കൽ ഭാഗത്ത് ശോഭാ സിറ്റിയുടെയും ആര്യ ഹോട്ടൽസിന്റെയും ഇടയിലുള്ള ബണ്ടിൽ വെള്ളം നിൽക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബണ്ട് പൊട്ടിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
താണിക്കുടം പുഴ, കോർപ്പറേഷന്റെ ഭാഗമായിട്ടുള്ള മറ്റു കനാലുകൾ വൃത്തിയാക്കാൻ ടെണ്ടർ കൊടുത്തതായും നടപടികൾ ആരംഭിച്ചിട്ടില്ല എന്നും കാണുന്നു. കരാറുകാരനെതിരെ ഡിസാസ്റ്റർ ആക്ട് അനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കനാലുകളും തോടുകളുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങൾ അടിയന്തരമായി മാറ്റാനും വേണ്ട നടപടികൾ സ്വീകരിക്കാനും യോഗം നിർദ്ദേശം നൽകി. രാമനിലയം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.