ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മുൻവശത്തുള്ള റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമിക്കുന്നതിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മുൻവശത്തുള്ള റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമിക്കുന്നതിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് അടങ്കൽ തുക.
നവീകരണം മികച്ച നിലയിൽ സമയബന്ധിതമായി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് യാത്ര സൗകര്യം ഒരുക്കുക, കോളജിനു മുൻവശത്തുള്ള റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുക എന്നിവയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
റോഡിന്റെ ഒരു വശത്ത് 193 മീറ്റർ നീളത്തിലും 2.50 മീറ്റർ ശരാശരി വീതിയിലും മറുവശത്ത് 17 മീറ്റർ നീളത്തിലും 1.10 മീറ്റർ വീതിയിലും ഇന്റർലോക്ക് കട്ട വിരിക്കുകയും, തുടർന്ന് 160 മീറ്റർ നീളത്തിൽ സിസി ഡ്രൈയിൻ നിർമ്മിക്കുന്നതിനുള്ള പ്രവർത്തികളുമാണ് നവീകരണ പ്രവർത്തിയിൽ ഉൾപ്പെടുന്നത്.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാസഞ്ജീവ് കുമാർ അധ്യക്ഷയായി. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ റവ. ഫാദർ ജോളി ആൻഡ്രൂസ് മാളിയേക്കൽ, ഫാദർ ജോയ് പീനിക്കപറമ്പിൽ, ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പാൾ ജോൺ പാലിയേക്കര, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, മുൻസിപ്പൽ എൻജിനീയർ ഗീതാ കുമാരി, കോളജ് വിദ്യാർഥി പ്രതിനിധി ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.