വിവിധ സ്കൂളുകളിൽ നിന്നെത്തിയ പത്തോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അറുപത്തിയൊമ്പതോളം നാട്ടുപൂവുകൾ ശേഖരിച്ച ഇരിങ്ങാലക്കുട ഗവൺമെൻ്റ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ഓണമിങ്ങെത്താനായി… കേരളീയരുടെ ദേശീയോത്സവം മാത്രമല്ല, പൂക്കളുത്സവങ്ങൾ കൂടിയാണ് ഓരോ ഓണക്കാലവും…പൂക്കൂടയും പൂപറിക്കലുമില്ലാത്തതാണ് ഇപ്പോഴത്തെ ഓണക്കാലം.തെച്ചിയും കാക്കപ്പൂവും കൃഷ്ണകിരീടവുമെല്ലാം ഗൃഹാതുരമായ ഓർമ്മകളായിത്തീർന്ന ന്യൂജൻ കാലം..ബഡ്ജറ്റിനൊതുങ്ങുന്ന പ്ലാസ്റ്റിക്ക് പൂക്കളും രാസമണങ്ങളുള്ള വരത്തൻ പൂവുകളും ഓണവിപണി കയ്യടക്കുന്നു.
മലയാളികൾ മറന്നുതുടങ്ങിയ നാട്ടുപൂവുകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന പൂവുകൾക്ക് ഒരു പുണ്യകാലം എന്ന പരിപാടി.ഇരുപത് വർഷക്കാലമായി മലയാളവിഭാഗം സംഘടിപ്പിച്ചു വരുന്ന പൂവുകൾക്ക് ഒരു പുണ്യകാലം എന്ന പരിപാടി വൈവിദ്ധ്യമാർന്ന നാട്ടുപൂക്കളെ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. പൂവുകൾക്കൊരു പുണ്യ കാലത്തിൻ്റെ സ്കൂൾതലമത്സരം ഇന്ന് കാലത്ത് 10 മണിക്ക് കോളേജിലെ സ്ക്രിപ്റ്റ് ഗാർഡനിൽ സംഘടിപ്പിച്ചു.വിവിധ സ്കൂളുകളിൽ നിന്നെത്തിയ പത്തോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.വൈവിദ്ധ്യമാർന്ന നൂറോളം നാട്ടുപൂവുകൾ പ്രദർശിപ്പിച്ചു. അറുപത്തിയൊമ്പതോളം നാട്ടുപൂവുകൾ ശേഖരിച്ച ഇരിങ്ങാലക്കുട ഗവൺമെൻ്റ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.ലിറ്റിൽ ഫ്ലവർ സ്കൂൾ ഇരിങ്ങാലക്കുട രണ്ടും മൂന്നും സ്ഥാനം നേടി. സമാപനയോഗം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ.സി.ബ്ലെസ്സി ഉദ്ഘാടനം ചെയ്തു.