Channel 17

live

channel17 live

നാലമ്പല തീർഥാടനം : നഗരസഭയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് കോ- ഓർഡിനേഷൻ കമ്മിറ്റി

ഇരിങ്ങാലക്കുട : നാലമ്പല തീർഥാടനക്കാലത്തിന് മുമ്പായി തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പേഷ്ക്കാർ റോഡ്, തെക്കേ നട റോഡ് ഉൾപ്പെടെയുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് നാലമ്പല കോ-ഓർഡിനേഷൻ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ക്ഷേത്രങ്ങൾക്കും ഫണ്ട് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കൂടൽമാണിക്യം ദേവസ്വം ഹാളിൽ ചേർന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. തൃപ്രയാറിൽ നിന്നും പ്രത്യേക കെ എസ് ആർ ടി സർവീസുകൾ ആരംഭിക്കണമെന്നും ഹൈവേയിലെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്നുണ്ടായ പാർക്കിംഗ് പ്രശ്നം പരിഹരിക്കണമെന്നും തൃപ്രയാർ ശ്രീരാമക്ഷേത്ര പ്രതിനിധിയും തീർത്ഥാടന ദിനങ്ങളിൽ ആംബുലൻസ് സർവീസ് ലഭ്യമാക്കണമെന്ന് അരിപ്പാലം പായമ്മൽ ക്ഷേത്ര പ്രതിനിധിയും ആവശ്യപ്പെട്ടു. കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന വാഹനങ്ങളുടെ പാർക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഇടങ്ങൾ ക്വാറി വേസ്റ്റ് അടിച്ച് ഉപയോഗപ്രദമാക്കണമെന്നും ക്ഷേത്ര പരിസരത്ത് കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്നും സി ഐ മനോജ് കെ ഗോപി ആവശ്യപ്പെട്ടു.കെ എസ് ആർ ടി സിയിൽ എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന നൽകേണ്ടെന്ന കോടതി വിധിയെ തുടർന്ന് സർവീസുകൾ കുറയ്ക്കേണ്ടി വന്നതായി ബഡ്ജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ ഡൊമിനിക്ക് യോഗത്തിൽ അറിയിച്ചു.

നിലവിൽ തൃശ്ശൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും അഞ്ച് സർവീസുകളും മറ്റ് ജില്ലകളിൽ നിന്നും ആവശ്യാനുസരണം ഓരോ സർവീസുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടൽമാണിക്യം ക്ഷേത്രത്തിനുള്ളിൽ ദർശനത്തിനായി വരിയിൽ നിൽക്കുന്നവർക്ക് ഇരിപ്പിട സൗകര്യം ഒരുക്കുമെന്ന് ദേവസ്വം മെമ്പർ അഡ്വ കെ ജി അജയകുമാർ അറിയിച്ചു. ആദ്യമായാണ് ക്ഷേത്രത്തിൽ ഈ സൗകര്യം എർപ്പെടുത്തുന്നത്. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി, മറ്റ് ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!