ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കന്നുകാലി കശാപ്പു കേന്ദ്രം കണ്ടെത്തി.8-ാം വാർഡിലെ മതിലകം റോഡില്‍ പീസ് സ്‌കൂളിന് മുമ്പായി റോഡില്‍നിന്ന് നീങ്ങി പണി പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തിലാണ് മാടുകളെ കൊണ്ടുവന്ന് അറവ് നടത്തിയിരുന്നത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് അനധികൃതമായി കശാപ്പ് നടത്തിയിരുന്നത്. കന്നുകാലികളെ ഇവിടെ നിന്ന് കശാപ്പു ചെയ്ത് മറ്റിടങ്ങളിലെത്തിച്ച് വില്‍പന നടത്തുന്നത് അറിഞ്ഞ പ്രദേശവാസികൾ പഞ്ചായത്തില്‍ വിവരം അറിയിക്കുകയായിരുന്നു.
പഞ്ചായത്തിന്‍റെ ലൈസന്‍സും ആവശ്യമായ സജ്ജീകരണങ്ങളും ഇല്ലാതെ മലിനജലം പുറത്തേക്കു വിട്ട് ഒരാഴ്ചയോളമായി ഇവിടെ അനധികൃത അറവ് നടത്തിയിരുന്നുവെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധിച്ച പരിശോധിച്ച പഞ്ചായത്ത് പ്രസിഡന്‍റ് ലിജി രതീഷ് പറഞ്ഞു. പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തിയപ്പോള്‍ മതിലകം സ്വദേശികളാണ് ഇവിടെ ഉണ്ടായിരുന്നത്.
കഴിഞ്ഞദിവസം പഞ്ചായത്തിലെ ജീവനക്കാരെത്തി ഇവിടെ കന്നുകാലികളെ അറക്കരുതെന്നു നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അറവ് തുടരുകയായിരുന്നു.കശാപ്പു ചെയ്ത കന്നുകാലികളുടെ തല, തോല്‍, എല്ലുകള്‍ എന്നിവ മുറിക്കകത്ത് കൂട്ടിയിട്ട നിലയിൽ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ മാംസം കയറ്റിക്കൊണ്ടുപോകുന്നതിനായി എത്തിയ വാഹനവും കെട്ടിടത്തിനുള്ളില്‍ ഡ്രമ്മിലാക്കിയ നിലയിലുള്ള അറവുമാലിന്യങ്ങളും പറമ്പില്‍ അറക്കാൻ നിർത്തിയ കന്നുകാലികളെയും അധികൃതര്‍ കണ്ടെത്തി. ഉടമയ്ക്ക് 25000 രൂപ പിഴ ചുമത്തി. വാര്‍ഡ് മെമ്പര്‍ ജോയ്‌സി ആന്‍റണി, എഴാം വാര്‍ഡ് മെമ്പര്‍ പ്രഭാത്, മെഡിക്കല്‍ ഓഫീസര്‍ ജിത്തു കെ ജോര്‍ജ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സോണിയ സി ജോണി, സുറുമി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.