പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സംരക്ഷണത്തിനാവശ്യമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജാഗ്രതക്കുറവും പ്രശ്‌നപരിഹാരത്തിന് കാലതാമസവും വരുത്താന്‍ പാടില്ലെന്ന് പട്ടികജാതി, പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി.കെ വാസു. തൃശ്ശൂര്‍ രാമനിലയം ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അംഗം.
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ മെമ്പര്‍മാരായ ടി.കെ വാസു, അഡ്വ. സേതു നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ രാമനിലയം ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടു ദിവസങ്ങളായി നടത്തിയ അദാലത്തില്‍ 34 പരാതികള്‍ തീര്‍പ്പാക്കി. 43 പരാതികള്‍ പരിഗണിച്ചതില്‍ 9 പരാതികള്‍ തുടര്‍നടപടികള്‍ക്കായി മാറ്റിവെച്ചു. അദാലത്തില്‍ 15 പുതിയ പരാതികളും ലഭിച്ചു. കോവിഡ്മൂലം 2019 മുതല്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുള്ളതും, വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും പരാതി എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കമ്മീഷന്‍ നേരില്‍ കേട്ടാണ് പരാതികള്‍ തീര്‍പ്പാക്കിയത്.
അദാലത്തില്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശീയ സ്വയംഭരണ വകുപ്പ്, റവന്യൂ, വനം, വിദ്യാഭ്യാസം, ആരോഗ്യം, സഹകരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. സെക്ഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍, അസിസ്റ്റന്റുമാരായ എസ്. വിനു, കെ. മുരുകന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.