പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണമെന്ന് തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കെ. ശാന്തകുമാരി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ സിറ്റിംഗില്‍ നിര്‍ദ്ദേശിച്ചു. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ട് ഇത് വളരെ ഗൗരവമുള്ളതാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗം പൊതു സമൂഹത്തിന്റെകൂടി ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള വിഭാഗം എന്ന നിലയില്‍ വകുപ്പുകളുടെ ഭാഗത്ത് നിന്നും കാലതാമസം ഉണ്ടാകാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ പട്ടയ പ്രശ്‌നങ്ങളും വികസന പദ്ധതികളും സമയബന്ധിതമായി പരിശോധിക്കണം. വികസന പദ്ധതികളില്‍ നിര്‍വ്വഹണ ഏജന്‍സികളുടെ കൃത്യമായ ഇടപെടലുകളുണ്ടാകണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തിരമായി പരിഹരിക്കേണ്ട വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂമികൈമാറ്റം സംബന്ധിച്ച വിഷയങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പും റവന്യു വകുപ്പും സംയുക്തമായി പരിശോധന നടത്തുന്നതിനും സമിതി നിര്‍ദ്ദേശം നല്‍കി.9 ഫയലുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. 25 പുതിയ അപേക്ഷകളും സ്വീകരിച്ചു. ജില്ലയില്‍ നിന്നും ലഭിച്ച പരാതികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് സമിതി തെളിവെടുപ്പ് നടത്തി.
കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍പേഴ്‌സണ്‍ കെ. ശാന്തകുമായി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ ഐ.സി ബാലകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എ. രാജ, പി.പി സുമോദ്, വി.ആര്‍ സുനില്‍കുമാര്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എ.ഡി.എം ടി. മുരളി, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ അതുല്‍ സാഗര്‍, ജോയിന്‍ സെക്രട്ടറി ദീപ ആര്‍. കൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കളക്ട്രേറ്റിലെ യോഗത്തിനുശേഷം ആനപ്പാറ സിൽവർ ജൂബിലി നഗർ, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ചാലക്കുടി എം.ആര്‍.എസ്, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ രാമവർമപുരം ഹാൻഡി ക്രാഫ്റ്റ്സ് സൊസൈറ്റി എന്നിവിടങ്ങളിൽ സമിതി സന്ദര്‍ശിച്ചു.