ആളൂർ: പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ മേൽത്തട്ട് പരിധി നിർണ്ണയിക്കുവാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കില്ലെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. ആളൂർ കുടുംബശ്രീ ഹാളിൽ ചേർന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി കേന്ദ്രീകൃതമായ ഇന്ത്യയിൽ അധികാരവും വിഭവങ്ങളും വരേണ്യവിഭാഗങ്ങൾ കൈയ്യടക്കി വെച്ചിരിക്കുകയാണ്. ചരിത്രപരമായി പിന്നോക്കം പോയ വിഭാഗങ്ങളുടെ അധികാര പങ്കാളിത്തവും സാമൂഹിക നീതിയും ഉറപ്പാക്കാനാണ് സംവരണവകാശം ഭരണഘടനാപരമാക്കിയത്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ദശകങ്ങൾ പിന്നിട്ടിട്ടും ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ആധികാരികമായി വിവരങ്ങൾ ലഭ്യമാകേണ്ട സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി തടസ്സം നിൽക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഉയർന്നുവന്നിട്ടുള്ള സുപ്രീംകോടതി വിധി ആശങ്ക ഉണർത്തുന്നതാണെന്നുംഅജയഘോഷ് കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 24ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന ജനറൽ കൗൺസിലിൽ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 75 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. വയനാട് ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ അയ്യൻകാളി ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി ലളിതമായി നടത്തുവാനും യോഗം തീരുമാനിച്ചു.സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ശശി കൊരട്ടി, ഷാജു ഏത്താപ്പിള്ളി, കെ പി ശോഭന, പിസി രഘു തുടങ്ങിയവർ സംസാരിച്ചു.