സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളെ നോക്കുകുത്തികൾ ആക്കി മാറ്റിയ സർക്കാർനടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ്. പൊതുവിതരണ ശൃംഗല കാലിയായി കിടക്കുമ്പോഴും സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ അമിത വിലവർദ്ധനവ് മൂലം ക്ലേശിക്കുന്ന ജനങ്ങൾക്ക് ഇത് ഇരുട്ടടിയായി മാറിക്കഴിഞ്ഞു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഏറെ ആശ്വാസമായിരുന്ന സർക്കാർ പൊതുവിതരണ കേന്ദ്രങ്ങളിൽ സബ്സിഡി ഇനത്തിൽപ്പെട്ട അവശ്യ വസ്തുക്കൾ പോലും ലഭ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.പയറും,പരിപ്പും പഞ്ചസാരയുമില്ലാത്ത സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകൾ കൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ല.കഴിവ് കേട് മറയ്ക്കാൻ കേന്ദ്രത്തെ കുറ്റം പറഞ്ഞ് തടിതപ്പുന്ന സംസ്ഥാന സർക്കാരിന്റെ ഈ ജനദ്രോഹ നയങ്ങൾ സംസ്ഥാനത്തിന് അപമാനമാണെന്നും തെരഞ്ഞെടുപ്പിലെ ജനവിധി അതിന്റെ ഉദാഹരണമാണെന്നും ചാലക്കുടിയിൽ നടന്ന നിയോജക മണ്ഡലം പ്രവർത്തകയോഗം യോഗം ഉൽഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് പറഞ്ഞു . ഓണത്തിന് മുമ്പായി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധപരികൾക്ക് നേതൃത്വം നൽകാനും 15 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന കേരള കോൺഗ്രസ് ഉപാധ്യക്ഷൻ ഫ്രാൻസിസ് ജോർജ് എം.പി ക്കുള്ള സ്വീകരണം വൻ വിജയമാക്കുന്നതിനും യോഗം തീരുമാനിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മുണ്ടൻ മാണി അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന നിർവ്വാഹക സമിതി അംഗം വിൽസൻ മേച്ചേരി, കേരള ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി റാഫേൽ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് റിജോ റാഫേൽ,ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ നെടുങ്ങാട്ട്,കെ.എം പത്രോസ്, ജോഷി പുതുശ്ശേരി,തോമസ് കണ്ണമ്പുഴ,മനോജ് കുന്നേൽ എന്നിവർ സംസാരിച്ചു.
പയറും,പരിപ്പും പഞ്ചസാരയുമില്ലാത്ത സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകൾ സംസ്ഥാനത്തിന് അപമാനം – കേരള കോൺഗ്രസ്
